ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പി പി കുഞ്ഞികൃഷ്ണനും കാസർഗോഡിനും അഭിമാനവും സന്തോഷവും നിറഞ്ഞ മുഹൂർത്തമാണിത്. തനിക്ക് പിന്തുണ നൽകിയ തടിയൻ കൊവ്വൽ, ഉദിനൂർ ഗ്രാമങ്ങൾക്കും പടന്ന പഞ്ചായത്തിനും സിനിമയിലെ സഹപ്രവർത്തകർക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നതായിപി.പി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പടന്ന ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മെമ്പർ കൂടിയാണ് മുൻ ഹിന്ദി അധ്യാപകനായിരുന്ന കുഞ്ഞികൃഷ്ണൻ.
എറണാകുളത്ത് സിനിമാഡബ്ബിങ്ങിനിടെയായിരുന്നു പുരസ്കാരം ലഭിച്ചതറിഞ്ഞത്. അംഗീകാരത്തിൽ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിച്ചതിനാണ് അദ്ദേഹത്തിന്റെ അവാർഡ് ലഭിച്ചത്. മറിമായം എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണി രാജ് ആണ് തന്റെ സിനിമാ പ്രവേശനത്തിനുള്ള കാരണക്കാരൻ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലേക്ക് അപേക്ഷ അയക്കാൻ നിർബന്ധിച്ചത് ഉണ്ണിയാണ്.
18വയസ്സ് മുതൽ നാടകങ്ങളിൽ സജീവമായിരുന്നു കുഞ്ഞികൃഷ്ണൻ. തടിയൻ കൊവ്വൽ ട്രൂപ്പിന്റെ തെരുവ് നാടകങ്ങളും എകെജി കലാവേദിയുടെ നാടകങ്ങളും മറ്റുമാണ് മറ്റ് അഭിനയ അനുഭവങ്ങൾ. 50000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കോടതി നടപടികളുടെ ഗൗരവം കൈവിടാതെയും അതേസമയം നർമം നിലനിർത്തിക്കൊണ്ടും സവിശേഷമായ പെരുമാറ്റ രീതികളുളള ഒരു മജിസ്ട്രേറ്റിന്റെ വേഷം മികവുറ്റതാക്കിയ പ്രകടനത്തിനാണ് അവാർഡ് നൽകിയതെന്ന് ജൂറി പറഞ്ഞു.