മലയാളത്തിന് വീണ്ടും അഭിമാനമായി ജൂഡ് ആന്റണിയുടെ ‘2018’. മികച്ച ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിലാണ് ചിത്രം ഇടംനേടിയത്. 2018ഉം, ഹിന്ദി ചിത്രമായ ട്വൽത് ഫെയിലുമാണ് ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
മികച്ച ചിത്രത്തിന് വേണ്ടി പരിഗണിക്കപ്പെടുന്ന 265 സിനിമകളിൽ ഒന്നായിരിക്കുകയാണ് ഇതോടെ 2018. നേരത്തെ ഓസ്കർ നോമിനേഷനിലേക്കുള്ള പത്ത് വിഭാഗങ്ങളിലെ ചിത്രങ്ങൾ അക്കാദമി ഷോർട് ലിസ്റ്റ് ചെയ്തിരുന്നു. ഇതിൽ മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനായി 2018-ന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രി ലഭിച്ചിരുന്നെങ്കിലും പിന്നീട് പട്ടികയിൽ നിന്ന് പുറത്താകുകയായിരുന്നു. ഇതോടെ ഓസ്കർ പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് കരുതിയ അണിയറപ്രവർത്തകർക്കും പുതിയ ഊർജമാണ് ഈ വാർത്ത നൽകുന്നത്.
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത 2018-ലെ പ്രളയത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രമാണ് 2018. പ്രളയക്കെടുതികൾക്ക് പുറമെ മനുഷ്യർ തമ്മിലുള്ള സ്നേഹവും മനോധൈര്യവും ഒത്തൊരുമയും തുറന്നുകാണിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ ജൂഡ് ആന്റണി.