സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വർധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് മിൽമയോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വില കൂട്ടാനുള്ള അധികാരം മിൽമക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മിൽമപാൽ വില വർധിപ്പിക്കുമ്പോൾ സ്വാഭാവികമായും വിവരം സർക്കാരിനെ അറിയിക്കണമായിരുന്നു. എന്നാൽ അതുണ്ടായിട്ടില്ല. എന്താണ് പ്രശ്നമെന്ന് തിരക്കും.
മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് നാളെ മുതൽ വില വർധിപ്പിക്കുന്നത്. മിൽമ റിച്ച് 29 രൂപയായിരുന്നത് 30 രൂപയായി വർധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 രൂപയായും വില കൂടും. നീല കവറിലുള്ള പാലിന് വില കൂടില്ല. ഡിസംബറിൽ പാൽ ലിറ്ററിന് ആറുരൂപ മിൽമ വർധിപ്പിച്ചിരുന്നു. റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്.