ഈദ് അൽ ഫിത്തർ പ്രമാണിച്ച് നിരവധി ഇമാമുമാർക്കും മതപ്രഭാഷകർക്കും മത ഗവേഷകർക്കും ഗോൾഡൻ വിസ അനുവദിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ഉത്തരവിറക്കി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് തീരുമാനം.
ഗോൾഡൻ വിസ ലഭിച്ചവരിൽ ദുബായിൽ 20 വർഷം പൂർത്തിയാക്കിയ ഇമാമുമാർ, മ്യൂസിൻമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവരും ഉൾപ്പെടുന്നുവെന്ന് എമിറേറ്റ് മീഡിയ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.മതപഠനം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും യുഎഇയുടെ സവിശേഷതയായ സഹിഷ്ണുതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളേയും ഭരണാധികാരി അഭിനന്ദിച്ചു.
ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് പത്ത് വർഷത്തെ താമാസാനുമതിയാണ് ലഭിക്കുക. കുടുംബാംഗങ്ങൾക്കും ആനുകൂല്യം ലഭ്യമാകും.വിവിധ മേഖലകളിൽ വിദഗ്ദ്ധരായവരേയും നിക്ഷേപകരേയും രാജ്യത്തേക്ക് ആകർഷിക്കുന്നതിൻ്റെ ഭാഗമായാണ് യുഎഇ ഗോൾഡൻ വിസ സമ്പ്രദായം ഏർപ്പെടുത്തിയത്.