റമദാനോട് അനുബന്ധിച്ച് യുഎഇ നടപ്പിലാക്കുന്ന “വൺ ബില്യൺ മീൽസ് എൻഡോവ്മെൻ്റ്” കാമ്പെയ്നിന് പിന്തുണയായി നെസ്റ്റോ ഗ്രൂപ്പ്. അഞ്ച് വർഷത്തേക്ക് 10 ദശലക്ഷം ദിർഹം സംഭാവന ചെയ്യുമെന്ന് നെസ്റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പട്ടിണിക്കെതിരെ പോരാടുന്നതിനും സുസ്ഥിരമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുമായാണ് കാമ്പെയ്ന് പിന്തുണ നൽകുന്നത്.
നെസ്റ്റോയുടെ സാമൂഹിക പ്രതിബദ്ധതയും യുഎഇയുടെ വിവിധ സഹായ കാമ്പെയ്നുകളെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയുമാണ് നെസ്റ്റോ ഗ്രൂപ്പിൻ്റെ സംഭാവനകൾ പ്രതിഫലിപ്പിക്കുന്നതെന്ന് നെസ്റ്റോ വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി ബഷീർ പറഞ്ഞു.പട്ടിണി,പോഷകാഹാരക്കുറവ് എന്നിവയ്ക്കെതിരെ പോരാടാൻ വ്യക്തികളേയും സ്ഥാപനങ്ങളേയും ബിസിനസ്സുകാരേയും സംയോജിപ്പിച്ചുകൊണ്ടാണ് യുഎഇയുടെ “വൺ ബില്യൺ മീൽസ് എൻഡോവ്മെൻ്റ്” ക്യാമ്പെയ്ൻ.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്ത പദ്ധതി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിൻ്റെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്. മുൻ വർഷങ്ങളിൽ വൻ വിജയമായ പദ്ധതി 50 രാജ്യങ്ങളിലെ ദുർബല വിഭാഗങ്ങൾക്ക് സഹായമെത്തിക്കാനാണ് ഈ വർഷം ലക്ഷ്യമിടുന്നത്.
കാമ്പെയ്നിൻ്റെ ആദ്യദിവസങ്ങളിൽ തന്നെ വൻ പിന്തുണയാണ് പൊതുസമൂഹത്തിൽനിന്ന് ഉണ്ടായത്. അതേസമയം വെബ്സൈറ്റ് (www.1billionmeals.ae), ടോൾ ഫ്രീ നമ്പർ (800 9999) വഴിയുള്ള ഒരു സമർപ്പിത കോൾ സെൻ്റർ എന്നിവയുൾപ്പെടെ അഞ്ച് പ്രധാന ചാനലുകളിലുടെ പദ്ധതിയിലേക്ക് സഹായങ്ങളും സംഭാവനകളും എത്തിക്കാൻ അവസരമുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ഭാരവാഹികൾ അറിയിച്ചു.
എമിറേറ്റ്സ് എൻബിഡി കാമ്പെയ്ൻ അക്കൗണ്ട് നമ്പറിലേക്ക് (AE30 0260 0010 1533 3439 802) ബാങ്ക് ട്രാൻസ്ഫർ വഴിയും സംഭാവനകൾ സാധ്യമാണ്. ഡു, ഇത്തിസലാത്ത് തുടങ്ങിയ മൊബൈൽ നെറ്റ് വർക്ക് കമ്പനികൾ ഒരു ദിർഹം ദിവസേന സബ്സ്ക്രിപ്ഷനിലൂടെ വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് സംഭാവന നൽകാൻ അവസരം ഒരുക്കുന്നുണ്ട്.