ഖത്തറിൽ കടബാധ്യതയിൽ അകപെട്ടുപോയ നൂറുപേർക്ക് സഹായമെത്തിക്കാനൊരുങ്ങി ഖത്തർ ചാരിറ്റി. ഖത്തർ ചാരിറ്റിയുടെ ‘അൽ അഖ്‌റ ബൂൻ’ പ്ലാറ്റ്‌ഫോമിലൂടെയാണ് 98 മില്യനിലധികം വരുന്ന കടബാധ്യത വീട്ടാൻ തയ്യാറെടുക്കുന്നത്. ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിൻ്റെ ഭാഗമായാണ് നീക്കം.
ഖത്തറി സമൂഹത്തെ സേവിക്കുന്നതിനും സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനത്തിൻ്റെ ഭാഗം കൂടിയാണ് പദ്ധതി. ചെറിയപെരുന്നാളിന് മുമ്പായി ലക്ഷ്യം പൂർത്തീകരിക്കാനുമെന്നും ഭാരവാഹികൾ സൂചിപ്പിച്ചു.
ആദ്യഘട്ടമായി 46 പേരുടെ കടം വീട്ടാൻ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തിവരികയാണ് ഖത്തർ ചാരിറ്റി. ഏകദേശം 80 മില്യണിലധികമാണ് ചിലവഴിക്കേണ്ടിവരിക. പിന്നീട് 18 മില്യൺ റിയാൽ കടബാധ്യതയുള്ള 54 കേസുകൾക്ക് പണം അനുവദിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രവർത്തനത്തിന് നിരവധി ആളുകൾ സഹായ ഹസ്തം നീട്ടിയിട്ടുണ്ട്.
അർഹരായവരെ കണ്ടെത്തുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും ഖത്തർ ചാരിറ്റിയുടെ ‘അൽ അഖ്‌റബൂൻ’ ആപ്പിനുള്ളിൽ സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കടങ്ങൾ അടയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങളും കേസുകൾ വിശകലനം ചെയ്യുന്നതിനും പ്രത്യേക സംവിധാനവുമുണ്ട്. കാലാനുസൃതമായി തീരുമാനമെടുക്കുന്നത് ഖത്തർ ചാരിറ്റിയുടെ മേൽനോട്ടത്തിലുളള പ്രത്യേക സമിതിയാണ്.