ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സൌദി – ഇറാൻ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഇറാൻ പ്രസിഡൻ്റ് സൌദിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഇറാൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് മുഖ്ബർ ആണ് സൗദിയുടെ ക്ഷണം ഇറാൻ പ്രസിഡൻ്റ് സ്വീകരിച്ചതായി അറിയിച്ചത്. ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റഈസിയുടെ ചരിത്ര സന്ദർശനത്തിനാണ് ഇതോടെ വഴിയൊരുങ്ങുന്നത്. എന്നാൽ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങളൊന്നും സൗദി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
എന്നാൽ സന്ദർശനവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ല ഹ്യാൻ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഫോണിലൂടെ ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.ഇറാൻ പ്രസിഡന്റിന്റെ സന്ദർശന തിയതി ഉൾപ്പെടെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. കൂടാതെ ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം മയപ്പെടുത്താനും ഇറാൻ ആഗ്രഹിക്കുന്നതായും നേതാക്കൾ വെളിപ്പെടുത്തി.
നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് സൗദിയും ഇറാനും തമ്മിൽ നേരത്തേ ധാരണയിൽ എത്തിയിരുന്നു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗാണ് ഇരു രാജ്യങ്ങളും തമ്മിലുളള മഞ്ഞുരുകലിന് വഴിയൊരുക്കിയത്. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും തുടർ സഹകരണ പദ്ധതികൾക്കുമായി ഇരു രാജ്യങ്ങളും നിരന്തര ചർച്ചകൾ നടത്തിവരികയാണ്. ഇറാൻ പ്രസിഡൻ്റ് സൌദിയിലെത്തുന്നതോടെ പുതിയ സഹകരണമാകും മേഖലയിലാകമാനം ഉണ്ടാവുക.