യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി ഭരണാധികാരികളുടെ ഫോൺ സംഭാഷണം. ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദുമായി ടെലഫോണിൽ സംസാരിച്ചു. സംഭാഷണത്തിൽ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് യുഎഇ പിന്തുടരുന്ന സമീപനം ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര വിഷയങ്ങളും ചർച്ചയായി.
2020 സെപ്റ്റംബറിൽ എബ്രഹാം ഉടമ്പടി ഒപ്പുവെച്ചതിലൂടെ യുഎഇയും ഇസ്രായേലും തമ്മിലുളള നയതന്ത്രബന്ധം ശക്തമാണ്.ഇസ്രയേലുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ സമാധാനത്തിനും വികസനത്തിനുമുള്ള തന്ത്രപരമായ സമീപനത്തിൻ്റെ ഭാഗമാണെന്നും അത് മുഴുവൻ പ്രദേശത്തിൻ്റേയും അഭിലാഷമാണെന്നും ശൈഖ് മുഹമ്മദ് സൂചിപ്പിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. സർക്കാർ രൂപീകരണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന യുഎഇ-ഇസ്രായേൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ഇരുനേതാക്കളും വിശകലനം ചെയ്തു. ഈ വർഷം അവസാനം യുഎഇയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി Cop28 വിജയത്തിലെത്തിക്കാനും നേതാക്കൾ തമ്മിൽ ധാരണയായി. അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷമുള്ള വർഷങ്ങളിൽ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, സുരക്ഷ, ടൂറിസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം ശക്തിപ്പെട്ടതായി നേതാക്കൾ വിലയിരുത്തി.