ട്രെയിന്‍ തീവയ്പ് കേസില്‍ പിടികൂടിയ ഷാറൂഖ് സെയ്ഫി ഷഹീന്‍ബാഗ് സ്വദേശിയെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. അറസ്റ്റിലായ ഷാറൂഖിൻ്റെ ചിത്രം അമ്മ തിരിച്ചറിഞ്ഞു. ഷാറൂഖിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകന് പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെന്നൂം അധികം സുഹൃത്തുക്കളില്ലെന്നും ഷാറൂഖിൻ്റെ അമ്മ വെളിപ്പെടുത്തി.
അതേസമയം, ഷാറൂഖിൻ്റെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്തിലേക്ക് രക്ഷപെടാനൊരുങ്ങുന്നതിനിടെ രത്നഗിരിയില്‍ നിന്നാണ് ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ പിടിയിലായത്. മുഖത്തടക്കം പൊള്ളലേറ്റിരുന്ന ഷാറൂഖ് ചികില്‍സ തേടി രത്നഗിരിയില്‍ ഇറങ്ങിയപ്പോൾ ഫോണ്‍ ഓണാക്കിയതാണ് വഴിത്തിരിവായത്.
പൊലീസ് സംഘം ലൊക്കേഷൻ പിന്തുടർന്ന് രത്നഗിരിയിലെ ആശുപത്രിയിലേക്ക് പോയപ്പോൾ അവിടെ നിന്ന് പരുക്കേറ്റ ഒരാൾ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവൻ തെരച്ചിൽ നടത്തിയാണ് ഇയാളെ പിടികൂടിയത്.
ഷാറൂഖിന് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മുൻകൂട്ടി ആസൂത്രണം ചെയ്തപ്രകാരമാണ് ആക്രമണം എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മുഖത്ത് പരുക്കേറ്റതിനാൽ കൂടുതൽ സംസാരിക്കാൻ പ്രതിക്ക് സാധിക്കുന്നില്ലെങ്കിലും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇയാള്‍ക്ക് തീവ്രവാദബന്ധമുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. മഹാരാഷ്ട്ര എടിഎസ് കൈമാറിയ പ്രതിയെ എത്രയും വേഗം കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനില്‍കാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.