ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലെ ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇൻ്റർനെറ്റ് സേവനം ആരംഭിച്ചു. പൊതുഗതാഗത യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഉപഭോക്തൃ സന്തോഷത്തിൻ്റെ ഉയർന്ന നിരക്കുകൾ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.
സമഗ്ര വികസന പദ്ധതിയിലാണ് അതോറിറ്റി നടപ്പാക്കുന്നതെന്നും എസ്ആർടിഎ അധികൃതർ സൂചിപ്പിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാണ് ശ്രമം. പതിനഞ്ച് പ്രധാന ഇൻ്റർസിറ്റി റൂട്ടുകളിൽ എസ്ആർടിഎ പ്രതിദിന ട്രിപ്പുകൾ നടത്തുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ഇൻ്റർസിറ്റി ബസ്സുകളിൽ സൌജന്യ ഇൻ്റർനെറ്റ് സൌകര്യം ഏർപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ അവരുടെ കുടുംബങ്ങളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താൻ അവസരമൊരുങ്ങും. യാത്രക്കിടയിൽ ഇൻ്റർനെറ്റ് സംബന്ധമായ സേവനം ലഭ്യമാകുന്നത് ഗൂഗിൾ മാപ്പുപൊലെയുളള ആപ്പുകൾ ഉപയോഗിക്കുന്നവർക്കും സഹായകരമാകും. ദീർഘയാത്രക്കിടയിൽ യാത്രക്കാരുടെ ഓൺലൈൻ ആശയവിനിയമയം തടസ്സമില്ലാതെ നിലനിർത്താൻ കഴിയുന്നത് കൂടുതൽ യാത്രക്കാരെ അടുപ്പിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ