ചത്തീസ്ഗഢ്, ആന്ധ്ര, തെലങ്കാന, കൊൽക്കത്ത ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അന്തരിച്ചു. 63 വയസ്സായിരുന്നു. അർബുദബാധിതനായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
2004ഒക്‌ടോബർ 14-ന് കേരള ഹൈക്കോടതിയിൽ ജഡ്‌ജിയായ തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ പിന്നീട് ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു.കേരള ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനും ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച വിദഗ് ധസമിതിയുടെ അധ്യക്ഷനും ആയിരുന്നു.
സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടുന്ന ന്യായാധിപൻ എന്ന നിലയിൽ ശ്രദ്ധേയനാണ്.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തൻ്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാകാൻ കൈക്കോട്ടുമായി രംഗത്തിറങ്ങിയ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്‌ണണൻ മാധ്യമ വാർത്തകളിലൂടെയും ശ്രദ്ധേയനായിരുന്നു.
2017 മാർച്ചിലാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. പിന്നീട് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അമനുഷ്ഠിച്ചു. 2019 ജനുവരി ഒന്നിന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി അദ്ദേഹം. 2019 ഏപ്രിൽ ഏഴിന് കൊൽക്കത്ത ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2021 ഏപ്രിലിലാണ് വിരമിച്ചത്.
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പ്രഗത്ഭമതിയായ ന്യായാധിപനും സാമൂഹ്യ പ്രശ്‌നങ്ങളിൽ ചടുലമായി പ്രതികരിക്കാൻ സന്നദ്ധത കാണിച്ച വ്യക്തിയുമായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്‌ണനെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.