കുവൈത്തിൽ വ്യാജ കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. നല്ല ജീവതം സ്വപ്നം കണ്ട് രാജ്യത്തെത്തിയത നിരവധി പേരാണ് ഈ തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ടത്. വൻ തുക നഷ്ടമായ പലരും നാട്ടിലേക്ക് മടങ്ങി. ഇല്ലാത്ത കമ്പനികൾ രജിസ്റ്റർ ചെയ്താണ് ആളുകളെ വിദേശത്ത് എത്തിക്കുകയും പണം തട്ടുകയും ചെയ്യുന്നത്.
കർശന നടപടികളും കോവിഡ് പ്രതിസന്ധിയും കാരണം തട്ടിപ്പുകൾക്ക് ശമനമുണ്ടായിരുന്നു. എന്നാൽ വീണ്ടും മാഫിയകൾ സജീവമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോലിയും വിസയും ലഭ്യമാകുന്നതിന് വൻ തുക കമ്മീഷനും പ്രോസസിംഗ് ഫീസുമായി പലരും നൽകിയിരുന്നു. സ്വകാര്യ കമ്പനിയുടെ വിസയിൽ കുവൈത്തിലെത്തിയവരിൽ പത്തോളം മലയാളികളുമുണ്ട്.
നാട്ടിലെ എല്ലാ നിയമ യാത്രാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഇവർ കുവൈത്തിലേക്ക് വിമാനം കയറിയത്. വിസ കിട്ടാനായി ഓരോരുത്തരും 1600 ദിനാർ വീതം നൽകിയിരുന്നു. കുവൈത്തിൽ എത്തി വിസ നടപടികളും പൂർത്തിയാക്കി. ഫിംഗർ എടുക്കലും, മെഡിക്കലും കഴിഞ്ഞാണ് പലരും തട്ടിപ്പിന് ഇരയായ വിവരം മനസ്സിലാക്കിയത്.
രണ്ടുമാസത്തോളമായിട്ടും വിസ ലഭ്യമാകാതായതോടെയാണ് തട്ടിപ്പിന് ഇരയായെന്ന സൂചന ലഭിക്കുന്നത്. പിന്നീട് ഏജൻ്റിനെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ മുങ്ങിയിരുന്നു. പിന്നീട് രാജ്യത്ത് തങ്ങാനുള്ള സമയപരിധി കൂടി കഴിഞ്ഞതോടെ പലർക്കും നാട്ടിലേക്ക് മടങ്ങേണ്ടിവന്നെന്നാണ് റിപ്പോർട്ടുകൾ.
വിസക്കച്ചവടത്തിനായി രൂപീകരിക്കുന്ന കമ്പനികൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. പേരിന് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം സ്ഥാപനത്തിലേക്ക് റിക്രൂട്ടിംഗ് ആരംഭിക്കുന്നതാണ് രീതി. ഈ വിസകളിൽ കുവൈത്തിൽ എത്തിയ ശേഷം മറ്റു ജോലികളിലേക്ക് മാറാമെന്നും വാഗ്ദാനം നൽകും. കൂടുതൽ ആളുകൾ ഇരയാകുന്നതോടെ തട്ടിപ്പുകാർ കടന്നുകളയുന്നതാണ് രീതി.