കാൽനട ക്രോസിംഗുകളിൽ നിർത്താതെ പോകുന്ന വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും റഡാറുകൾ സ്ഥാപിച്ച് ഉമ്മൽ ഖുവൈൻ പൊലീസ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതാണ് പുതിയ റഡാറുകൾ. ഏപ്രിൽ 3 തിങ്കളാഴ്ച മുതൽ റഡാറുകൾ പ്രവർത്തനക്ഷമമാകും.
നിരീക്ഷണം ശക്തമാകുന്നതോടെ കാൽനട ക്രോസിംഗുകളിലെ വാഹനാപകങ്ങൾ കുറയ്ക്കാനാകുമെന്നാണ് പൊലീസിൻ്റെ നിഗമനം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പ്രചാരണങ്ങളെ തുടർന്നാണ് നടപടി ശക്തമാക്കിയത്. നേരത്തെ അബുദാബിയിലും കാൽനട ക്രോസിംഗുകളിൽ നിർത്താതെ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ സ്ഥാപിച്ചിരുന്നു.
കാൽ നടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ സീബ്രാ ക്രോസിംഗുകളിലൂടെ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് വാഹനങ്ങളാണ് വഴിയൊരുക്കേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കി. നിമയം ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളും നൽകും.