ഗായകൻ വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽ കവര്‍ച്ച. 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി. ചെന്നൈ അഭിരാമപുരം പൊലീസ് സ്‌റ്റേഷനിലാണ് കുടുംബം പരാതി നൽകിയത്. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും കുടുംബം പൊലീസിനെ അറിയിച്ചു.
വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കാണാതായതോടെയാണ് പൊലീസിൽ പരാതി നല്‍കിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിൻ്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ് പൊലീസ്.
വിജയ് യേശുദാസിൻ്റെ വീട്ടിലേതിന് സമാനമായി ദിവസങ്ങൾക്ക് മുമ്പ് രജനികാന്തിൻ്റെ മകൾ ഐശ്വര്യ രജനിയുടെ വീട്ടിൽ നിന്ന് സ്വർണവും വജ്രവും മോഷണം പോയിരുന്നു. കേസിൽ വേലക്കാരിയും ഭർത്താവും പൊലീസ് പിടിയിലായിരുന്നു. 100 സ്വര്‍ണ നാണയങ്ങളും 30 ഗ്രാമിൻ്റെ വജ്രാഭരണങ്ങളും നാല് കിലോഗ്രാം വെള്ളിയുമാണ് ഐശ്വര്യ രജനിയുടെ വീട്ടിൽ നിന്ന് കവർന്നത്.