കുവൈത്തിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങൾ മുന്നോട്ട്. കരട് നിയമം ദേശീയ അസംബ്ലിയുടെ നിയമനിർമാണ സമിതി ചർച്ചചെയ്തു. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് നീക്കം. അടുത്ത ദിവസംചേരുന്ന സമിതി യോഗത്തില്‍ ഇതുസംബന്ധമായ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.
ആഭ്യന്തര, പ്രതിരോധ സമിതി ബില്ലിന് അന്തിമ അനുമതി നൽകിയാൽ നിയമം നിലവിൽ വരും. സിവിൽ സൊസൈറ്റികളുടെ പ്രതിനിധികൾക്ക് പുറമെ ജുഡീഷ്യൽ, ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ് അതോറിറ്റികളിൽ നിന്നുള്ള ഏഴ് പ്രതിനിധികളെ കമ്മീഷനിൽ ഉൾപ്പെടുത്തണമെന്ന് കരട് നിയമത്തിൽ നിർദേശിക്കുന്നു.
രാജ്യത്ത് തുടർച്ചയായി നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും തുടർമാനമായ തെരഞ്ഞെടുപ്പുകളും ഒഴിവാക്കാൻ ഇതോടെ വഴിയൊരുങ്ങുമെന്നാണ് നിഗമനം. പാര്‍ലമെൻ്റ് ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി തലവൻ സാദൂൻ ഹമ്മാദ് കരട് നിയമത്തിന്റെ പകര്‍പ്പ് നിയമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്ഥാനാർത്ഥിത്വം, പോളിംഗ്, വോട്ടെണ്ണൽ തുടങ്ങി വിവിധ മേഖലകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വാധീനം ചെലുത്തും.