സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സെസ് നാളെ മുതൽ ഈടാക്കിത്തുടങ്ങും. ഇതോടെ ഇന്ധനവില രണ്ട് രൂപ വർധിക്കും. ബജറ്റ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ജീവിതച്ചിലവുകൾ വർദ്ധിക്കും. മദ്യത്തിനും വാഹനനികുതിയിലും ഭൂമിയുടെ ന്യായ വിലയിലും ദേശീയ പാത ടോളുകളിലും വർദ്ധനവുണ്ടാകും.
ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വരുന്നത്. അതേസമയം ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനമാണ് വർദ്ധനവ് വരിക. കഴിഞ്ഞ 13 വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടുന്നത്. ഭൂമി നികുതിയും അഞ്ച് ശതമാനം ഉയരും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്കിലുള്ള വര്‍ദ്ധന പ്രകടമാകും.
500 മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയാണ് വര്‍ധന. 1,000 രൂപയ്‌ക്ക് മുകളിലുള്ളവയ്‌ക്ക് വര്‍ധന 40 രൂപയിലെത്തും. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 10 ശതമാനം വര്‍ധനയുമുണ്ടാകും. മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കും വില ഉയരും.
രണ്ടുലക്ഷം വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനം വര്‍ധനയുണ്ട്. അഞ്ചുലക്ഷം വരെയുള്ള കാറുകള്‍ക്ക് ഒറ്റത്തവണനികുതിയില്‍ ഒരു ശതമാനവും അഞ്ചുമുതല്‍ 15 ലക്ഷം വരെയുള്ളവയ്‌ക്ക് രണ്ട് ശതമാനവും അധികം നൽകണം. 15-20 ലക്ഷം, 20-25 ലക്ഷം, 30 ലക്ഷത്തിനു മുകളിലുള്ളവയ്‌ക്ക് ഒരു ശതമാനം നികുതിയും കൂടും.
എന്നാൽ പുതിയ ഇ-വാഹനങ്ങള്‍ക്ക് നികുതി 20ല്‍നിന്ന് അഞ്ചു ശതമാനമായി കുറയും 60 ചതുരശ്രമീറ്ററിൽ താഴെയുള്ള വീടുകൾക്ക് കെട്ടിട നികുതി ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ഇ-ടാക്‌സികള്‍ക്കും നികുതി അഞ്ചു ശതമാനമായി താഴ്ന്നു. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്വകാര്യ സ്‌കൂള്‍ വാഹനങ്ങൾ,ജീവകാരുണ്യ സംഘടനകള്‍, പുനരധിവാസകേന്ദ്രങ്ങള്‍ എന്നിവയുടെ വാഹനങ്ങൾ, കോവിഡ്‌മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ്, കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങൾ എന്നിവയുടെ നികുതിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.