അവിദഗ്ധ തൊഴിലാളികളായ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുളള നീക്കവുമായി സൌദി. വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്ന സംവിധാനം പരിഷ്കരിക്കാനാണ് മാനവശേഷി – സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ നീക്കം.
പുതിയ നയവുമായി ബന്ധപ്പെട്ട് പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കിയെന്നും മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം സൂചിപ്പിച്ചു. അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുകയും പകരം ഉയർന്ന വൈദഗ്ധ്യവും നൈപുണ്യങ്ങളുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെൻ്റിന് ഊന്നൽ നൽകുകയും ചെയ്യാനാണ് പരിഷ്കരണം.
യോഗ്യതകളുടെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിച്ചാകും പുതിയ റിക്രൂട്ടിംഗ് നടത്തുക. ഇതിൻ്റെ ഭാഗമായി മൂന്ന് മോഡലുകളും അവതരിപ്പിച്ചു. നിർദ്ദിഷ്ട മാതൃകൾക്കുള്ള ശിപാർശകൾ, അന്താരാഷ്ട്ര താരതമ്യങ്ങൾ, നിലവിലെ സാഹചര്യം എന്നീ മേഖലകളാണ് പഠനവിധേയമായത്.