ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസതടസം നേരിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ അദ്ദേഹത്തിന് അശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിച്ചു. 86കാരനായ മാര്‍പ്പാപ്പയ്ക്ക് കൊവിഡ് ബാധ ഇല്ലെന്നും അദ്ദേഹത്തിന്റെ വക്താവ് മത്തേയോ ബ്രൂണി ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയില്‍ അറിയിച്ചു. ബുധനാഴ്ചയാണ് ഫ്രാൻസിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2021 ജൂലൈയിൽ 10 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇത് ആദ്യമായാണ് മാര്‍പ്പാപ്പ ചികിത്സ തേടുന്നത്. ഈസ്റ്റർ വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പ്പാപ്പയുടെ ആരോഗ്യ നിലയിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികള്‍ക്കും വൈദികർക്കുമെല്ലാം ആശങ്കയാകുകയാണ്. ഓശാന ഞായറാഴ്ച മുതൽ വിശുദ്ധ വാരത്തിൽ തിരുക്കർമ്മങ്ങളിൽ മാര്‍പ്പാപ്പ പങ്കെടുക്കുമോയെന്നും സംശയങ്ങളുണ്ട്. ഏതാനും ദിവസത്തെ ആശുപത്രി വാസം അദ്ദേഹത്തിന് വേണ്ടി വരുമെന്നാണ് വക്താവ് അറിയിച്ചത്.
നേരത്തെ ബുധനാഴ്ചകളിൽ ആളുകളുമായുള്ള സമ്പര്‍ക്ക വേളയില്‍ അദ്ദേഹം ആരോഗ്യവാനായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം മുൻപ് നീക്കം ചെയ്തിരുന്നു. കാലിലെ ലിഗമെൻ്റിലുണ്ടായ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വീല്‍ചെയർ സഹായത്തോടെയാണ് മാര്‍പ്പാപ്പ സഞ്ചരിക്കുന്നത്. കാലിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചതായി മാര്‍പ്പാപ്പ പ്രതികരിച്ചിരുന്നു.
2021ല്‍ ശസ്ത്രക്രിയ സമയത്ത് ജനറല്‍ അനസ്തേഷ്യ നൽകിയതിനാൽ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും മാര്‍പ്പാപ്പ പറഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷം ഇന്ത്യ സന്ദർശിക്കുമെന്ന് മാര്‍പ്പാപ്പ സുഡാന് സന്ദര്‍ശനത്തിന് പിന്നാലെ വിശദമാക്കിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ആ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു.