കനത്തപോരിലേക്ക് കര്‍ണാടക: വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്

Date:

Share post:

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടത്തുക. മേയ് 10നാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് 13നാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഏപ്രിൽ 13ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ ഏപ്രിൽ 20 വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 21 വരെയാണ്. ഏപ്രിൽ 24 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.

ഭിന്നശേഷിക്കാർക്കും 80 വയസ്സിലധികം പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടർമാരാണ് കർണാടകയിൽ. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ് ജെൻ‌ഡർമാരുമാണ്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്.

2018–19 വർഷത്തെ അപേക്ഷിച്ച് 9.17 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. ഏപ്രിൽ ഒന്നിന് 18 വയസ്സ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിങ് സ്റ്റേഷനുകളാണുള്ളത്.

ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടകയെന്നതിനാൽ ജാതി സമുദായ സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് കടുത്ത മത്സരം തന്നെ നടക്കുമെന്ന് ഉറപ്പാണ്. 224 അംഗ നിയമസഭയിലേക്ക് 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. 104 സീറ്റ് ലഭിച്ച ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. കോൺഗ്രസിന് 80, ജെഡിഎസിന് 37 എന്നിങ്ങനെയായിരുന്നു അന്ന് സീറ്റ് നില. തെരഞ്ഞെടുപ്പിനു പിന്നാലെ ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയെങ്കിലും വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് രാജിവച്ചതോടെ കോൺഗ്രസ് – ജെഡിഎസ് സഖ്യം എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ 14 മാസം ഭരിച്ചു. രണ്ടു പാർട്ടികളിലെയും എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറിയതോടെയാണ് സഖ്യസർക്കാർ വീണത്.

2019ൽ വീണ്ടും യെഡിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറിയെങ്കിലും 2021ൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതോടെ യെഡിയൂരപ്പയെ മാറ്റി ബസവരാജ ബൊമ്മെയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കിയിരുന്നു. നിലവിൽ ബിജെപിക്ക് 121 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് 69, ജെ‍‍ഡിഎസിന് 33 (കഴിഞ്ഞ ദിവസം ഇവരിൽ രണ്ടുപേർ കൂറുമാറി), സ്വതന്ത്രൻ 1. നാലുമാസം മുൻപ് ഒരു ബിജെപി എംഎൽഎ മരിച്ചതിനാൽ നിലവിൽ ഒരു സീറ്റ് ഒഴിഞ്ഞ​ുകിടക്കുന്നു.

224ൽ 150 സീറ്റുകൾ നേടുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് 124 പേരുടെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോൾ ജെഡിഎസ് 93 പേരുടെ പട്ടിക പുറത്തുവിട്ടു. സുരക്ഷിത മണ്ഡലം തെരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയിൽനിന്ന് ജനവിധി തേടും. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ മത്സരിക്കും. മുതിർന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയിൽ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...