ജിദ്ദയിലെയും ബഹയിലെയും ഏറ്റവും പഴക്കം ചെന്ന രണ്ട് മസ്ജിദുകളായ അൽ-ഖിദ്ർ മസ്ജിദും അൽ-സഫ മസ്ജിദും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പ്രോജക്ടിന് കീഴിൽ നവീകരിക്കാൻ തീരുമാനം. രാജ്യത്തിൻ്റെ ചരിത്രവും സംസ്കാരവും പൈതൃകവും ബന്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് കിരീടാവകാശിയും സൌദി പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ്റെ തീരുമാനം.
ജിദ്ദയിലെ അൽ-ഖിദ്ർ മസ്ജിദ് ഒരു വാസ്തുവിദ്യാ മാസ്റ്റർപീസായി പുനഃസ്ഥാപിക്കും. ആധുനിക വാസ്തുവിദ്യ ഉപയോഗപ്പെടുത്തിയാകും നവീകരണം. കെട്ടിടത്തിൻ്റെ വലുപ്പം 355 ചതുരശ്ര മീറ്റർ കൂടി വർദ്ധിപ്പിക്കാനും നീക്കമുണ്ട്.സൗദി അറേബ്യയിലുടനീളമുള്ള 30 ചരിത്രപ്രധാനമായ പള്ളികളിൽ ഒന്നായാണ് ഈ മസ്ജിദിനെ കണക്കാക്കപ്പെടുന്നത്.700 വർഷത്തിലേറെയായി അൽ-ബലാദ് ചരിത്ര ജില്ലയുടെ അവിഭാജ്യ ഘടകമാണ് അൽ-ഖിദ്ർ മസ്ജിദ് . 1,350 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ബഹയുടെ അൽ-സഫ മസ്ജിദ് സരവത് പർവതനിരകളിലെ കല്ലുകളിൽ നിന്നുള്ള പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് പുനഃസ്ഥാപിക്കാനാണ് തീരുമാനം.
2018ലാണ് മസ്ജിദുകൾ പുനരുദ്ധരിക്കുന്ന പദ്ധതി രാജ്യത്ത് ആരംഭിച്ചത് . രാജ്യത്തുടനീളമുള്ള 13 പ്രദേശങ്ങളിലായി 130 പള്ളികൾക്കായി വിപുലമായ പുനരുദ്ധാരണമാണ് ലക്ഷ്യമിട്ടത്. ഇതിനിടെ 50 മില്യൺ റിയാൽ (13.3 മില്യൺ ഡോളർ) ചെലവിൽ ഒരു വർഷത്തിനുള്ളിൽ 30 പള്ളികൾ പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ട് പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി അവസാനിച്ചിരുന്നു. 2022 ജൂലൈയിൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൻ്റെ അവസാനത്തോടെ 30 പള്ളികൾ കൂടി പുനഃസ്ഥാപിക്കാനാണ് തീരുമാനം.