യുഎഇ പൗരന്മാരുടെ ഭവന പദ്ധതിയായ ശൈഖ് സായിദ് ഭവന പദ്ധതിക്ക് 299 ദശലക്ഷം ദിർഹം കൂടി അനുവദിച്ചു. 432 കുടുംബങ്ങൾക്കായാണ് തുക അനുവദിച്ചത്. ദാനധർമങ്ങളുടെ മാസമായ റമദാനിൽ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും മാന്യമായ ജീവിതം ഉറപ്പാക്കാനുമാണ് കൂടുത സാമ്പത്തികം അനുവദിച്ചതെന്ന് യുഎഇ അടിസ്ഥാന വികസന വകുപ്പ് മന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു.
സ്ഥലം വാങ്ങൽ,വീട് നിർമാണം, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്ക് തുക വിനിയോഗിക്കാം. നേരത്തെ പദ്ധതി നടത്തിപ്പിനായി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 230 കോടി ദിർഹം അനുവദിച്ചിരുന്നു.
ശൈഖ് സായിദ് ഭവന പദ്ധതിലെ അപേക്ഷകൾക്ക് അഞ്ച് വർഷത്തിനകം തീർപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ സൂചിപ്പിച്ചു.പലിശ രഹിതമായാണ് പണം നൽകുക. കുറഞ്ഞ വരുമാനക്കാക്ക് തിരിച്ചടവിന് 25 വർഷത്തെ കാലാവധിയും അനുവദിച്ചിട്ടുണ്ട്.