പ്രശസ്ത ചലച്ചിത്ര താരവും പാർലമെൻ്റ് അംഗവുമായിരുന്ന ഇന്നസെൻ്റ് അന്തരിച്ചു. അർബുദത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 10.45ഓടെയാണ് അന്ത്യം. 75 വയസായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് കോവിഡും ന്യൂമോണിയയും സ്ഥിതി വഷളാക്കുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. കാൻസറിന് വർഷങ്ങൾക്ക് മുൻപും ചികിത്സ തേടിയിട്ടുള്ള ഇന്നസെൻ്റ്, അന്ന് രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
തന്നെ പിടികൂടിയ കാൻസറിനെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് താരം അറിയപ്പെട്ടിരുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. വർഷങ്ങളോളം താരസംഘടനയായ അമ്മയുടെ പ്രസിഡൻ്റായിരുന്ന ഇന്നസെൻ്റ് എൽഡിഎഫ് പിന്തുണയോടെയാണ് ലോക്സഭയിലെത്തിയത്.
നാളെ രാവിലെ 8 മുതൽ 11 മണി വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും ഇന്നസെൻ്റിൻ്റെ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 5 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.