ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറവ് നോമ്പ് സമയ ദൈർഘ്യം ഖത്തറിലെന്ന് റിപ്പോർട്ട്. ഏറ്റവും കുറഞ്ഞ സമയം നോമ്പെടുക്കുന്നവരുടെ പട്ടികയിൽ അറബ് രാജ്യങ്ങളിൽ ഖത്തറിന് ആറാമതാണ് സ്ഥാനം.കുവൈത്ത് ദിനപത്രമായ അൽ റായ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഏകദേശം 14 മണിക്കൂറും 30 മിനിറ്റും വ്രതമെടുക്കുന്ന കുവൈത്ത് ഗൾഫ് നാടുകളിൽ രണ്ടാമതും അറബ് രാജ്യങ്ങളിൽ ഏഴാമതുമാണ്.
ഈ വർഷം റമദാനിൽ ഖത്തർ നിവാസികൾ ശരാശരി 14 മണിക്കൂറും 15 മിനിറ്റുമാണ് ഉപവസിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഗൾഫ് രാജ്യങ്ങളിൽ ദൈർഘ്യം കുറഞ്ഞ നോമ്പ് സമയമുള്ള മൂന്നാമത് രാജ്യം ഒമാനാണ്. 14 മണിക്കൂറും 37 മിനിറ്റുമാണ് ഒമാനിലെ സമയം. സൗദി അറേബ്യയും യു.എ.ഇയും പട്ടികയിൽ നാലാമതെത്തി. 14 മണിക്കൂറും 41 മിനിറ്റുമാണ് ഇരുരാജ്യങ്ങളിലേയും നോമ്പ് സമയമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എന്നാൽ ഈ വർഷം ഏറ്റവും ദൈർഘ്യമേറിയ വ്രതമനുഷ്ഠിക്കുന്ന ഗൾഫ് രാജ്യം ബഹ്റൈനാണ്. 14 മണിക്കൂറും 49 മിനിറ്റുമാണ് ബഹ്റൈനിലെ നോമ്പുസമയം. അതേസമയം ഖമറൂസ് ദ്വീപുകളിൽ ദൈർഘ്യം കുറഞ്ഞ നോമ്പ് സമയമാണുളളത്. 12 മണിക്കൂറും 37 മിനിറ്റും. 13 മണിക്കൂറും 27 മിനിറ്റുമായി സോമാലിയ രണ്ടാമതും 14 മണിക്കൂറും ഏഴ് മിനിറ്റുമായി യമൻ മൂന്നാമതുമുണ്ട്. സിറിയ, ഫലസ്തീൻ, ജോർഡൻ, ലെബനൻ രാജ്യങ്ങളിലെ നോമ്പുസമയം 14 മണിക്കൂറും 30 മിനിറ്റുമാണെന്നാണ് കുവൈത്ത് മാധ്യമത്തിൻ്റെ റിപ്പോർട്ട്.