ഖത്തർ അല്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ എണ്ണം നാലായി. ഇന്നലെ അര്‍ധരാത്രിയോടെ മലപ്പുറം പൊന്നാനി സ്വദേശി അബു.ടി.മമ്മദൂട്ടി (45)യുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
ഹമദ് ജനറല്‍ ആശുപത്രിയില്‍ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
അപകടത്തില്‍ ഇതുവരെ നാലു മലയാളികളടക്കം ആറ് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം ബുധനാഴ്ച രാവിലെ എട്ടരയോടെ അപകടം നടന്ന സമയത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി ആരിഫ് അസീസ് മുഹമ്മദ് ഹസൻ്റെ (26) മരണം മാത്രമാണ് ഇതുവരെ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ഷെയ്ഖ് അബ്ദുല്‍നബി ഷെയ്ഖ് ഹുസൈനാണ് (61) മരിച്ച രണ്ടാമത്തെ ഇന്ത്യക്കാരന്‍.
മലയാളികളില്‍ അബുവിനെ കൂടാതെ കാസര്‍കോഡ് ഷിരിഭാഗിലു പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് (38), മലപ്പുറം നിലമ്പൂര്‍ സ്വദേശിയും ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി (49), മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയില്‍ (44) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. തെരച്ചില്‍ തുടരുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഹമദ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മന്‍സൂറയിലെ ബിന്‍ ദര്‍ഹാമില്‍ 4 നില അപാർട്മെൻ്റ് തകര്‍ന്നത്. അപകടം നടന്നയുടന്‍ 7 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും ജീവനോടെ രക്ഷപ്പെടുത്തി. 12 കുടുംബങ്ങളെ സുരക്ഷിതമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികൾക്കിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.