പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. മോദി തന്നെ ഭയക്കുന്നതായും മോദിയുടെ കണ്ണുകളിൽ അത് തിരിച്ചറിയാമെന്നും രാഹുൽ ഗാന്ധി. തൻ്റെ ജനാധിപത്യ പോരാട്ടം തുടരും. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനാവില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.മാപ്പുപറയാൻ തൻ്റെ പേര് സവർക്കറെന്നല്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനായശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പാര്‍ലമെൻ്റിലും താൻ ചോദ്യങ്ങള്‍ ഉയർത്തിയിട്ടുണ്ട്. അദാനി – മോദി ബന്ധം തുറന്ന് പറഞ്ഞതിനാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുൽ പറഞ്ഞു. അദാനി ഷെല്‍ കമ്പനിയില്‍ നിക്ഷേപിച്ച കോടികള്‍ ആരുടേതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
ബിജെപി മന്ത്രിമാര്‍ പാര്‍ലമെൻ്റില്‍ തന്നെക്കുറിച്ച് കള്ളം പറഞ്ഞു. തന്‍റെ കത്തിന് സ്പീക്കര്‍ മറുപടി നല്‍കിയില്ല. പ്രസംഗം രേഖകളില്‍ നിന്ന് നീക്കി. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരും. താൻ ഇനിയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.