മോദി പരാമർശത്തിലെ മാനനഷ്ട കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള എട്ട് വർഷം രാഹുലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്നതാണ് യാഥാർത്ഥ്യമെങ്കിലും മേൽക്കോടതി വിധി അനുകൂലമായാൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകും. മേൽക്കോടതി വിധി എന്ന സാധ്യതയിലേക്ക് പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.
എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനെതിരെ സൂറത്ത് സെഷൻസ് കോടതിയിൽ രാഹുൽ ആദ്യം അപ്പീൽ നൽകണമെന്നാണ് നിയമവിദഗ്ധർ അറിയിക്കുന്നത്. തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകണം. സിആർപിസി സെക്ഷൻ 389 എന്നത് അയോഗ്യത ഇല്ലാതാക്കാൻ പര്യാപ്തമല്ലാത്തതിനാൽ ഇത് തീർപ്പാക്കുമ്പോൾ ഒരു കുറ്റവാളിയുടെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധിക്കും. ഇത് ഹർജിക്കാരന് ജാമ്യം നൽകുന്നതുപോലെയാണെന്ന് അഭിഭാഷകർ പറയുന്നു.
ശിക്ഷാ കാലാവധി 3 വർഷത്തിൽ താഴെയായതിനാൽ രാഹുൽ എത്രയും വേഗം സൂറത്ത് സെഷൻസ് കോടതിയെ സമീപിക്കണമെന്നാണ് സുപ്രീംകോടതിയിലെ അഭിഭാഷകരുടെ അഭിപ്രായം. ശിക്ഷാവിധി സ്റ്റേ ചെയ്ത് കോടതി ഉത്തരവ് വന്നാൽ സ്വാഭാവികമായും അയോഗ്യത ഇല്ലാതാവും. സ്റ്റേ ലഭിച്ചില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. ശിക്ഷാ കാലാവധിയായ രണ്ട് വർഷവും പിന്നീടുള്ള ആറ് വർഷവും കഴിഞ്ഞാലേ രാഹുലിന് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂവെന്നും അവർ പറയുന്നു.
നിലവിലെ ലോക്സഭയുടെ കാലാവധി തീരാൻ ഒരു വർഷത്തിലധികം സമയമുള്ളതിനാൽ രാഹുലിന്റെ മണ്ഡലമായ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കും. 2024 ജൂൺ വരെയാണ് ലോക്സഭ കാലാവധി. സഭയുടെ അവശേഷിക്കുന്ന കാലാവധി ഒരു വർഷത്തിൽ താഴെയാണെങ്കിൽ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുക. ഉപതെരഞ്ഞെടുപ്പ് വേണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ 30 ദിവസം വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാത്തിരിക്കാനാണ് സാധ്യതയെങ്കിലും തടസങ്ങളില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിക്കഴിഞ്ഞു.
രാഹുൽ ഗാന്ധിക്ക് നിലവിൽ 53 വയസാണ്. അയോഗ്യത ഒഴിവാക്കപ്പെട്ടില്ലെങ്കിൽ 60 വയസ് വരെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനാവില്ല. 2034ലാണ് ഇനി പൊതുതെരഞ്ഞെടുപ്പിൽ രാഹുലിന് മത്സരിക്കാനാകുക. അന്ന് അദ്ദേഹത്തിന് പ്രായം 65നോടടുക്കുമെന്ന് മാത്രമല്ല, നാഷണൽ ഹെരാൾഡ് അഴിമതിയുൾപ്പടെ 16 കേസുകൾ രാഹുലിൻ്റെ പേരിലുണ്ട്. ഇവയിലൊക്കെ വിചാരണയും വാദവും നടക്കാനിരിക്കുന്നതിനാൽ ഈ കേസുകളിലെ വിധികളെല്ലാം ഭാവിയെ ബാധിച്ചേക്കാം.
മോദി എന്ന പേര് പരാമര്‍ശത്തില്‍ സൂറത്തിനു പുറമേ പട്നയിലും ബിഹാറിലും റാഞ്ചിയിലും രാഹുലിനെതിരെ കേസുകളുണ്ട്. 2018 ല്‍ അമിത് ഷായെ കൊലപാതകി എന്നു വിളിച്ചതിൽ റാഞ്ചിയിലും ചായിബാസയിലും 2 കേസുകളുണ്ട്. കൊലപാതകത്തില്‍ ആരോപണവിധേയനായ ആളെ ബിജെപി അധ്യക്ഷനായി സ്വീകരിക്കും എന്നു പറഞ്ഞതിന് റാഞ്ചിയില്‍ തന്നെ മറ്റൊരു കേസുണ്ട്. രാഹുലിനെ ശ്രീരാമനായി ചിത്രീകരിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്, മോദിയെ കള്ളന് എന്നു വിളിച്ചത്, 1984 കലാപത്തെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയിലും കേസുകൾ രാഹുലിനെതിരെ നിലവിലുണ്ട്.
ആർഎസ്എസിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മഹാരാഷ്ട്രയിലും അസമിലുമായി 3 കേസുകൾ ഉണ്ട്.
നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെ കുറിച്ച് ട്വീറ്റ് ചെയ്തതിലാണ് മറ്റൊരു കേസ്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായെ കൊലപാതകക്കേസിൽ ആരോപണവിധേയനായ ആള് എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ നൽകിയ ഹര്‍ജിയിലും നടപടി തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കമാന്‍ഡര്‍ ഇന്‍ തീഫ്’ എന്നു വിളിച്ചതില്‍ മുംബൈ ഗിര്‍ഗാവ് കോടതിയില്‍ രാഹുലിനെതിരെ സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിയിലും വിധി വരേണ്ടതുണ്ട്.