ഇതിനായി യുഎഇ സെൻട്രൽ ബാങ്ക് വിവിധ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു. അബൂദാബിയിലെ ജി-42 ക്ലൗഡ്, ഡിജിറ്റൽ ധനകാര്യ സേവന ദാതാക്കളായ ആർ-3 എന്നിവയുമായാണ് കരാർ ഒപ്പിട്ടത്. ക്രിപ്റ്റോ കറൻസികൾക്ക് സമാനമായിരിക്കും ഡിജിറ്റൽ ദിർഹമെന്നും മോണിറ്ററി അതോറിറ്റിയാണ് മൂല്യം നിശ്ചയിക്കുകയെന്നും സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു.
പണരഹിത സമൂഹത്തിലേക്കുള്ള യുഎഇയുടെ ചുവടുമാറ്റം എന്ന നിലയിൽ ഡിജിറ്റൽ ദിർഹം ശ്രദ്ധേയമാകും. അന്താരാഷ്ട്ര -ആഭ്യന്തര സാമ്പത്തിക ഇടപാടുകളിലും ഡിജിറ്റൽ ദിർഹം നിർണായക സ്വാധീനം ചെലുത്തുമെന്നാണ് സൂചന. യുഎഇയിലെ സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
2023 ഫെബ്രുവരിയിൽ സെൻട്രൽ ബാങ്ക് ആരംഭിച്ച ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഒമ്പതു സംരംഭങ്ങളിൽ ഒന്നാണ് ഡിജിറ്റൽ ദിർഹമെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു.
ക്രിപ്റ്റോകറൻസികൾക്ക് വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് ഡിജിറ്റൽ കറൻസികളിലേക്കുളള ചുവടുമാറ്റം. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും നടത്തിവരികയാണ്. മാർച്ചിൽ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 65 രാജ്യങ്ങൾ ഡിജിറ്റൽ കറൻസി നടപ്പാക്കുന്നതിന് നീക്കം നടത്തുന്നുണ്ട്. ഈ പട്ടികയിലും യുഎഇ മുന്നിലാണ്.