ഷാർജ എമിറേറ്റിലെ ഹോഷി മേഖലയിലെ ഒരു റോഡ് മാർച്ച് 23 മുതൽ മാർച്ച് 28 വരെ ഭാഗികമായി അടച്ചിടും. വെയർഹൗസ് ലാൻഡുകളിൽ നിന്ന് ഹോഷി മേഖലയിലേക്ക് വരുന്നവരെയാണ് ഭാഗിക പാത അടയ്ക്കുന്നത് പ്രധാനമായും ബാധിക്കുകയെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
പാലത്തിൽ അറ്റകുറ്റപണികൾ നടത്തുന്നതിനും എക്സ്പാൻഷൻ ജോയിൻ്റുകൾ സ്ഥാപിക്കുന്നതിനുമായാണ് നിയന്ത്രണം. ചൊവ്വാഴ്ചയോടെ ഗതാഗതം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
അതേസമയം റമദാനിൽ പണമടച്ചുള്ള പാർക്കിംഗ് സമയം നീട്ടിയിട്ടുണ്ടെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. എന്നാൽ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെ പാർക്കിംഗ് ഫീസ് ബാധകമാകുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയും അറിയിച്ചിട്ടുണ്ട്. നീല വിവര ചിഹ്നങ്ങളുള്ള സോണുകൾ ഒഴികെ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യമാണ്.