റമദാനോട് അനുബന്ധിച്ച് വിശ്വാസികൾക്കായി കൂടുതൽ പളളിഖൾ തുറന്ന് ഷാർജ. പുതിയതായി 15 പള്ളികളാണ് നൽകിയത്. ജനസംഖ്യാനിരക്ക് വർധിച്ച സാഹചര്യത്തിലാണ് പള്ളികളുടെ എണ്ണവും വർധിപ്പിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചത്. റമദാൻ അവസാനിക്കുന്നതിന് മുമ്പ് അഞ്ച് പള്ളികൾ കൂടി തുറക്കുമെന്നാണ് റിപ്പോർട്ട്.
ഇതിൻ്റെ ഭാഗമായി 1,300 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ മസ്ജിദ് ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജയിലെ അൽ ഖാനിലാണ് “ഫസ്റ്റ് റാഷിദൂൻ ഖലീഫ” എന്ന മസ്ജിദ് തുറന്നത്. 60 മീറ്റർ നീളമുളള രണ്ട് മിനാരങ്ങളാണ് കെട്ടിടത്തിനുളളത്. ഓരോന്നിലും വൃത്താകൃതിയിലുള്ള നാല് താഴികക്കുടങ്ങളുമുണ്ട്. 4,353.6 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പളളി.
ഷെയ്ഖ് ഹുമൈദ് ബിൻ അഹമ്മദ് അൽ മുഅല്ല, ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ ഔഖാഫ് ഡയറക്ടർ ഡോ. സയീദ് അൽ റഖ്ബാനി, ഫുജൈറ ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് ഡോ. ഹുമൈദ് അൽ ഖതാമി, വിവിധ സർക്കാർ വകുപ്പ് മേധാവികൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
റമദാനിൽ പള്ളികളിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽകണ്ടാണ് റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ 15 പള്ളികൾ തുറന്നത്. ഷാർജയുടെ വിവിധ ഭാഗങ്ങളിലായി പല വലുപ്പത്തിലും രൂപത്തിലുമാണ് പള്ളികൾ തുറന്നത്. പള്ളികളിലെ ശുചിത്വം ഉറപ്പാക്കാനുളള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.