അറബ് മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകളുമായി ഭരണാധികാരികൾ. അമ്മമാർ സ്നേഹത്തിന്റെയും ശക്തിയുടെയും പ്രചോദനത്തിൻ്റെയും അചഞ്ചലമായ ഉറവിടം” എന്ന് പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ്റെ ആശംസ. തൻ്റെ മാതാവും രാഷ്ട്ര മാതാവുമായ ഷെയ്ഖ ഫാത്തിമയ്ക്കും ലോകമെമ്പാടുമുള്ള അമ്മമാർക്കും അദ്ദേഹം ആശംസകൾ നേർന്നു.
ഇന്നുമാത്രമല്ല എല്ലാ ദിവസവും അമ്മമാർ ആഘോഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നെന്നും അമ്മമാരുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ ട്വിറ്ററിൽ കുറിച്ചു.
അതേസമയം അമ്മമാർ സ്നേഹത്തിൻ്റേയും ഭക്തിയുടെയും ആത്മാർത്ഥതയുടെയും യഥാർത്ഥ പ്രതീകമാണെന്ന് യുഎഇ ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്സൺ ഷെയ്ഖ ഫാത്തിമയും പറഞ്ഞു. കുട്ടികളെ വളർത്തുന്നതിലും കുടുംബം കെട്ടിപ്പടുക്കുന്നതിലും അമ്മമാർ മൗലികമായ പങ്ക് വഹിക്കുന്നുണ്ടെന്നും അത് സാമൂഹിക ഐക്യത്തിന് അടിസ്ഥാനമാണെന്നും ഷെയ്ഖ ഫാത്തിമ കൂട്ടിച്ചേർത്തു.
ലോകമെമ്പാടും വ്യത്യസ്ത ദിവസങ്ങളിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുഎഇയിൽ എല്ലാ വർഷവും മാർച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്. അറബ് ലോകത്ത് ആദ്യമായി 1956-ൽ ഈജിപ്താണ് മാർച്ച് 21 മാതൃദിനമായി പ്രഖ്യാപിച്ചത്. ആതേ പാരമ്പര്യമാണ് ഇന്നും അറബ് രാജ്യങ്ങൾ പിന്തുടരുന്നത്.
ഞായറാഴ്ച യുകെയിൽ അമ്മമാരെ ആദരിച്ചിരുന്നു. എന്നാൽ മറ്റ് പല രാജ്യങ്ങളിലും മെയ് മാസത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്.