ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഹൈക്കോടതി ഉത്തരവ്. എൽഡിഎഫ് എംഎൽഎ ആയി വിജയിച്ച ഡി.രാജയുടെ ഫലമാണ് കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി. കുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു ഹൈക്കോടതി വിധി.
പട്ടിക ജാതി- പട്ടിക വര്‍ഗ സംവരണ സീറ്റാണ് ഇടുക്കി ദേവികുളം മണ്ഡലത്തിലേത്. എന്നാൽ ഈ സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എ. രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.
2021ലാണ് എ.രാജ സിപിഐഎം സ്ഥാനാര്‍ത്ഥിയായി ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പ് നോമിനേഷൻ ഘട്ടത്തില്‍ തന്നെ എ രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് യുഡിഎഫ് തര്‍ക്കം ഉയർത്തിയിരുന്നു. കോൺഗ്രസിലെ ഡി.കുമാറിനെ 7848 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എ.രാജ നിയമസഭയിലെത്തിയത്. ദേവികുളത്ത് ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ്.രാജേന്ദ്രനെ മാറ്റി യുവ നേതാവായ എ രാജയെ മത്സരരംഗത്ത് ഇറക്കുകയായിരുന്നു.
എന്നാൽ ഹൈക്കോടതിവിധിക്കെതിരേ കിർത്താഡ്സ് രേഖകൾ പരിശോധിച്ച ശേഷം അപ്പീൽ നൽകാൻ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി.കുമാറിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.