യുഎഇയിൽ മുട്ടയ്ക്കും കോഴി ഉൽപന്നങ്ങൾക്കും വില വർധിക്കും. വിവിധ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് വില വർധിപ്പിക്കാൻ യുഎഇ സാമ്പത്തിക മന്ത്രാലയം തീരുമാനിച്ചത്. നടപടി താൽക്കാലികമാണെന്നും ആറുമാസത്തിനുള്ളിൽ വിഷയം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉയർന്ന ഉല്പാദനവും കടത്തുകൂലിയും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വിലയുമാണ് അടുത്തിടെ വലിയ നഷ്ടം നേരിടേണ്ടി വന്നതിന് കാരണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ വാദം. തുടർന്ന് വിഷയത്തിൽ മന്ത്രാലയം നടത്തിയ പഠനത്തിലാണ് വില വർധിപ്പിക്കാമെന്ന തീരുമാനമെടുക്കുന്നത്.
മുട്ടയ്ക്കും മറ്റുൽപ്പന്നങ്ങൾക്കും വില വർധനവ് 13 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ആറുമാസത്തിന് ശേഷം സ്ഥിതിഗതികൾ പഠിച്ച് വില വർധിക്കാനുള്ള കാരണങ്ങൾ നിലനിൽക്കുന്നില്ലെങ്കിൽ അത് റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.