പ്രസിഡൻ്റ് വ്ളാഡിമിർ പുടിന് അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) രംഗത്ത്. യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് വാറൻ്റ്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ളത്.
കുട്ടികളെ കടത്തിയത് റഷ്യൻ പ്രസിഡൻ്റിൻ്റെ അറിവോടെയാണെന്ന് കോടതി നിരീക്ഷിച്ചു. റഷ്യന്‍ ബാലാവകാശ കമ്മീഷണര്‍ മരിയ ല്വോവ ബെലോവയ്ക്കെതിരെയും കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി 24 മുതല്‍ യുക്രൈന് മേൽ റഷ്യയുടെ കടന്നുകയറ്റം നടക്കുകയാണെന്നും യുദ്ധക്കുറ്റങ്ങള്‍ ചുമത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി ആരോപിച്ചു.
എന്നാൽ സൈന്യം അതിക്രമങ്ങൾ നടത്തിയെന്ന ആരോപണം ആവർത്തിച്ച് നിഷേധിക്കുകയാണ് റഷ്യ. കോടതി സ്ഥാപിച്ച കരാറില്‍ ഒപ്പിട്ട രാജ്യമല്ല റഷ്യ. അതുകൊണ്ടുതന്നെ ക്രെംലിൻ കോടതി വിധി റഷ്യയെ സംബന്ധിച്ചിടത്തോളം അസാധുവാണെന്നും മോസ്കോയിലെ റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
123 അംഗരാജ്യങ്ങളുള്ള ട്രൈബ്യൂണലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഇതിൽ റഷ്യയ്ക്ക് പുറമെ യുക്രൈനും അംഗമല്ല. എന്നാൽ പ്രദേശത്ത് നടന്ന കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള അധികാരപരിധി ട്രൈബ്യൂണലിനുണ്ട്. പക്ഷേ അറസ്റ്റ് നടപടികളിലേക്ക് നേരിട്ട് കടക്കാനാകില്ല.
പുടിൻ ഉടൻ കോടതിയിൽ ഹാജരാകാൻ സാധ്യതയില്ലെങ്കിലും ഏതെങ്കിലും ഐസിസി അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്താൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഹേഗിലേക്ക് അയയ്ക്കാം എന്നാണ് വാറണ്ട് അർത്ഥമാക്കുന്നത്. ഇതിനായി കോടതിയ്ക്ക് അംഗരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും.ഇക്കാര്യത്തിൽ കൂടുതലായി ഒന്നും പറയാനില്ലെന്നാണ് റഷ്യൻ നിലപാട്.