രാജ്യാന്തര തലത്തില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം സ്വന്തമാക്കി സൗദി എണ്ണക്കമ്പനി ആരാംകോ. 16,100 കോടി ഡോളറാണ് കമ്പനിയുടെ 2022ലെ ലാഭം. രാജ്യാന്തര തലത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതാണ് ആരാംകോയുടെ നേട്ടത്തിന് പിന്നിൽ.
റഷ്യ– യുക്രെയ്ന് യുദ്ധം ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയപ്പോൾ നേട്ടംകൊയ്തത് റഷ്യന്‍ ഇതര എണ്ണക്കമ്പനികളാണ്. അതിൻ്റെ ഉത്തമ ഉദാഹരണമാണ് സൗദി ആരാംകോ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2022 ല്‍ ആരാംകോയുടെ ലാഭത്തില്‍ 46.5 ശതമാനം വര്‍ധനവുണ്ടായി. റഷ്യന്‍ എണ്ണയ്ക്കും പ്രകൃതിവാതകത്തിനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ എണ്ണവില കുതിച്ചുയർന്ന് റഷ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി വര്‍ധിച്ചു. ആരാംകോയുടെ 95 ശതമാനം ഓഹരികളും സൗദി സര്‍ക്കാരിൻ്റെ അധീനതയിലായതു കൊണ്ട് ലാഭത്തിൻ്റെ ഏറിയ പങ്കും സര്ക്കാരിലേക്കാണെത്തുക.
അതേസമയം ഫോസില്‍ ഇന്ധന വില്പനയിലൂടെ ഒരു കമ്പനി 16,100 കോടി ഡോളര്‍ ലാഭം നേടിയെന്നത് ഞെട്ടിപ്പിക്കുന്നതായി ആംനസ്റ്റി ഇൻ്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ പ്രതികരിച്ചു. എന്നാല്‍ എണ്ണ, പ്രകൃതിവാതക മേഖലയില്‍ മാത്രമല്ല, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയിലും നിക്ഷേപം നടത്തുമെന്ന് സൗദി ആരാംകോ സിഇഒ അമിന്‍ നാസര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ എണ്ണക്കമ്പനിയായ എക്സോണ്‍ മൊബീല്‍ 5570 കോടി ഡോളറിൻ്റെയും ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ഷെല്‍ 3,990 കോടി ഡോളറിൻ്റെയും ലാഭവും നേടിയിരുന്നു.