റമദാൻ മാസത്തിലെ തിരക്കൊഴിവാക്കാൻ അബുദാബിക്ക് അകത്തും പുറത്തുമുള്ള അറവുശാലകളിൽ സൗകര്യം വർധിപ്പിച്ചു. 7000ത്തിലേറെ മൃഗങ്ങളെ അറുത്തു സൂക്ഷിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അബുദാബി, ഷഹാമ, അൽ വത്ബ എന്നിവിടങ്ങളിൽ നൂതന അറവുശാലകളിൽ ദിവസേന 1,500 ആടുകളെയും 50 ഒട്ടകങ്ങളെയും വീതം അറുക്കാൻ സംവിധാനം സജ്ജമാണ്. ബനിയാസിൽ മാത്രം 2,500 മൃഗങ്ങളെ അറുത്തുനൽകും. കന്നുകാലി കർഷകരിൽ നിന്ന് മൃഗങ്ങളുടെ ലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അബുദാബി നഗരസഭ അറിയിച്ചു.
റമദാനിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തിസമയം. അവസാന ടോക്കൺ 5.30നാണ് നൽകുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 2 വരെ അടച്ചിടും.
മൃഗ ഡോക്ടർ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാകും അറുക്കുന്നത്. അറുത്തശേഷം മാംസവും പരിശോധിക്കാനും പൊതുജനാരോഗ്യം കണക്കിലെടുത്ത് വൻ സുരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പൊതുജന ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുംവിധം പൊതുനിരത്തിൽ ഉരുക്കളെ അറുക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. യോഗ്യതയും ലൈസൻസും ഉള്ളവർക്കു മാത്രമേ മൃഗങ്ങളെ അറുക്കാൻ അനുവാദമുണ്ടായിരിക്കൂ. നിയമലംഘനം നടന്നാൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും.
എമിറേറ്റ്സ് സ്ലോട്ടർ ആപ്പ്, മൈ സ്ലോട്ടർ ആപ്പ്, ഐലൻഡ് സ്ലോട്ടർ ആപ്പ് എന്നിവ വഴി മൃഗങ്ങളെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്താൽ അറുത്ത് മാംസമാക്കി വീട്ടിലെത്തിക്കുകയും ചെയ്യും.