അജ്മാനിലെ സാമ്പത്തിക വികസന വകുപ്പും അജ്മാൻ ടൂറിസം ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അജ്മാൻ ഭക്ഷ്യമേളയുടെ ആദ്യ പതിപ്പ് മാർച്ച് 9ന് അജ്മാൻ മറീനയിൽ ആരംഭിക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഏറ്റവും പ്രശസ്തമായ റെസ്റ്റോറൻ്റുകളിൽ നിന്നും കഫേകളിൽ നിന്നുമുള്ള 38 പ്രദർശകർ പങ്കെടുക്കും.
മുതിർന്നവർക്കും, കുട്ടികൾക്കും,മറ്റു വിഭാഗങ്ങൾക്കും അനുയോജ്യമായ വിവിധ വിനോദ പരിപാടികൾ, തത്സമയ പാചക ഷോകൾ, മത്സരങ്ങൾ, ശിൽപശാലകൾ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ദേശീയ പദ്ധതികൾ, ഭക്ഷ്യ-പാനീയ മേഖലയിലെ നിക്ഷേപകർ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ എന്നിവരെ പിന്തുണയ്ക്കുന്നതിനാണ് മേള സംഘടിപ്പിക്കുന്നതെന്ന് അജ്മാൻ ഡിഇഡിയിലെ ബിസിനസ് ഡെവലപ്മെൻ്റ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ നുഐമി പറഞ്ഞു.
അജ്മാൻ്റെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന പങ്കാളികൾക്കും പൊതുജനങ്ങൾക്കുമിടയിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്ന സഹായിക്കുന്ന ആശയങ്ങളെ ഫെസ്റ്റിവൽ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അജ്മാൻ്റെ സ്ഥാനം ഉയർത്തുന്നതിന് ഭക്ഷ്യമേള സ്വാധീനം ചെലുത്തുമെന്ന് എടിഡിഡി ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷിമി പറഞ്ഞു. ഭക്ഷണപ്രേമികൾക്കുള്ള വിവിധ രൂചികൾ ആസ്വദിക്കാനുളള അവസരങ്ങളാണ് ഒരുങ്ങുന്നത്. പാചക പ്രദർശനങ്ങൾ, വിനോദ പരിപാടികൾ, മത്സരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളും മേളയിലുണ്ടാകും