കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സിനിമാ താരം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിര ചികിത്സ തേടിയത്.
കുറച്ചു ദിവസങ്ങളായി ബാലക്ക് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നേരത്തേയും ബാല ചികിത്സയ്ക്ക് വിധേയനായിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിൻ്റെ കുടുംബാംഗങ്ങളുമാണ് ബാലയ്ക്കൊപ്പം ആശുപത്രിയിലുള്ളത്.
അതേസമയം തമിഴ്നാട്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷം മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വരെ ബാല സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
നടി മോളി കണ്ണമാലിക്ക് ചികിത്സാ സഹായമെത്തിച്ചത് ബാല ആയിരുന്നു. ആശുപത്രിവാസത്തിന് ശേഷം മോളി കണ്ണമാലി കഴിഞ്ഞ ദിവസം ബാലയെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഷെഫീക്കിൻ്റെ സന്തോഷമാണ് ബാലയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാളചിത്രം.