മണിയോർമ്മകളിൽ… ചിരിപ്പിച്ചും കരയിച്ചും താരമായ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്…

Date:

Share post:

കൊച്ചു കൊച്ചു വേഷങ്ങളിലൂടെ തുടങ്ങി വില്ലനായും സ്വഭാവനടനായും ശ്രദ്ധിക്കപ്പെട്ട് കാലം പോകെ പോകെ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയ കലാഭവൻ മണി. സിനിമാ സൗന്ദര്യസങ്കല്പങ്ങൾക്കപ്പുറം അഭിനയശേഷിയിലൂടെ സ്വന്തമായൊരു ഇടം മലയാള സിനിമയിൽ നായകനിരയിൽത്തന്നെ കണ്ടെത്തിയ സകല കലാവല്ലഭൻ.
കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റായും പിന്നീട് സിനിമയിലെ കോമഡി നടനിൽ നിന്ന് നായകനായും സമാന്തരമായി നാടന്‍പാട്ട് കലാകാരനായുമൊക്കെ മലയാളിക്ക് പ്രിയങ്കരനായിരുന്നു മണി. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഹൃദയത്തിൽ നോവേകി അപ്രതീക്ഷിതമായി മൺമറഞ്ഞ ബഹുമുഖ പ്രതിഭയുടെ അകാലവിയോഗത്തിന് ഇന്ന് 7 വർഷത്തിൻ്റെ വിടവ്.

ജീവിതത്തിലെ കൊടിയ ദാരിദ്യത്തെയും ദുരിതങ്ങളെയുമൊക്കെ ഉള്ളിലെ കലകൊണ്ട് മറികടന്ന് സൂപ്പര്‍താരമായ കലാകാരൻ ജനിച്ചത് ചാലക്കുടിയിലായിരുന്നു. രാമന്‍- അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമന് കലയേക്കാള്‍ കായികയിനങ്ങളോടായിരുന്നു താല്‍പര്യം. ചിലയിനങ്ങളിലൊക്കെ സംസ്ഥാന തലത്തില്‍ വരെ മത്സരിച്ചിട്ടുണ്ട്. സ്കൂള്‍ വേദികളില്‍ തന്നെ ഗായകനായും മോണോ ആക്റ്റ് കലാകാരനായും വിലസി. പഠിക്കാനൊഴിച്ച് എല്ലാത്തിലും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നതിനാാൽ പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് ഓട്ടോക്കാരനായി. പിന്നീട് ഉത്സവപ്പറമ്പുകളിലും ക്ലബ്ബുകളുടെ പരിപാടിക്കുമൊക്കെ മിമിക്രി അവതരിപ്പിക്കാന്‍ തുടങ്ങി.

പേരിനുമുന്നില്‍ അഭിമാനത്തോടെ ചേര്‍ത്തുവച്ച കലാഭവനിലേക്ക് മണിയെത്തുന്നത് 1991- 92 കാലഘട്ടത്തിലാണ്.
സിബി മലയിലിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ അക്ഷരം എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു കഥാപാത്രം. തൊട്ടടുത്ത വര്‍ഷം ലോഹിതദാസിന്‍റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപം മണിയുടെ കരിയറിലെ ബ്രേക്ക് ആയിരുന്നു. രാജപ്പന്‍ എന്ന ചെത്തുകാരൻ്റെ വേഷം. പിന്നീട് മണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിനയന്‍ സംവിധാനം ചെയ്ത ചില ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെ ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരുടെ മനസിലേക്ക് മണി രംഗപ്രവേശം നടത്തി. കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമൊക്കെ ബോക്സ് ഓഫീസിൽ തരംഗമായി. 1999ൽ സംസ്ഥാന ചലചിത്ര പുരസ്കാരവും 2000ലെ ദേശീയ ചലചിത്ര പുരസ്കാരം സ്വന്തമാക്കി. മലയാള സിനിമയില്‍ അവസരം കുറഞ്ഞ കാലത്ത് സൂപ്പര്‍താര ചിത്രങ്ങളിലെ വേഷങ്ങള്‍ നീട്ടി തമിഴ് സിനിമയും മണിയെ സ്വീകരിച്ചു.

ചിരിപ്പിച്ച് മാത്രമല്ല, കരയിച്ചും കൂടിയാണ് മണി താരമായത്. രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഇങ്ങ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. മലയാളത്തിൽ മാത്രമൊതുങ്ങാതെ തമിഴിലും തെലുങ്കിലുമൊക്കെ മണി തന്റെ സാന്നിധ്യം അറിയിച്ചു.
ചെത്തുകാരൻ മുതൽ ഐഎഎസ് വരെ എല്ലാ കഥാപാത്രങ്ങളും ആ കൈകളിൽ ഭദ്രമായിരുന്നു. ജീവിതത്തിൽ എന്റെ വിദ്യാഭ്യാസം കൊണ്ട് എത്താൻ പറ്റാത്ത വേഷങ്ങളൊക്കെ സിനിമയിൽ താൻ ചെയ്തിട്ടുണ്ടെന്ന് മണി ഇടയ്ക്കിടെ അഭിമുഖങ്ങളിൽ പറഞ്ഞു.

ഗായകൻ കലാഭവന്‍ മണിയുടെ താരമൂല്യം സിനിമാതാരത്തിനും അപ്പുറമാണ്. നാടന്‍പാട്ട് എന്നുകേട്ടാല്‍ മലയാളി ആദ്യം ഓര്‍ക്കുന്ന പേരായി മണി മാറുന്നത് സ്വന്തമായി പുറത്തിറക്കിയ നിരവധി കാസറ്റുകളിലൂടെയാണ്. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. പാവാട പ്രായത്തിൽ തുടങ്ങി… ഒട്ടനവധി ഗാനങ്ങൾ മണിയുടെ ശബ്ദത്തിൽ മലയാളി കേട്ടു. ഗാനമേളകൾക്കും മറ്റു ചടങ്ങുകൾക്കും മണി എത്തിയാൽ പാട്ടു പാടാതെ ജനങ്ങൾ വിടില്ലെന്ന അവസ്ഥയുണ്ടായിരുന്നു . പ്രാദേശികമായി പ്രചാരം നേടിയിരുന്ന പാട്ടുകള്‍ക്കൊപ്പം അറുമുഖന്‍ വെങ്കിടങ്ങ് അടക്കമുള്ള ചില രചയിതാക്കളുടെ വരികളും നാടന്‍ശൈലിയില്‍ അവതരിപ്പിച്ച് മണി ഹിറ്റ് ആക്കി. ഇന്നും മലയാളിയുടെ ഉത്സവാഘോഷങ്ങളിലെ പരിചിത ഈണങ്ങളായി ഈ പാട്ടുകള്‍ തുടരുന്നു.

പ്രശസ്തിയുടെ കൊടുമുടിയിലും ചാലക്കുടിയെ നെഞ്ചോട് ചേർത്തുവച്ചിരുന്നു കലാഭവൻ മണി. ആദിവാസി കോളനികൾ ദത്തെടുത്തും അവിടത്തെ കുട്ടികളെ വിനോദയാത്രകൾക്കു കൊണ്ടു പോയുമൊക്കെ, മനുഷ്യത്വമുള്ള കലാകാരനായി തന്നെ വെളിപ്പെടുത്തിയിരുന്നു മണി. സിനിമയിൽ വളർന്നപ്പോളും തളർന്നപ്പോളുമെല്ലാം ചാലക്കുടിയോട് ചേർന്നുനിന്നു. പഴയ ഓർമകൾ വന്നാൽ ഓട്ടോടെയുത്ത് നാടുചുറ്റും.മണിനാദമെന്ന വീട്ടിൽ എപ്പോഴും മണിയുടെ പൊട്ടിച്ചിരികളുയർന്നുകേട്ടു. ചിരിയായിരുന്നു അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക്. വേര്‍പാടിന്‍റെ ഏഴാം വര്‍ഷത്തിലും മണി തങ്ങളെ വിട്ടുപോയെന്ന് ഉള്‍ക്കൊള്ളാനാവാത്തവരാണ് ചാലക്കുടിയിലെ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവർ. മണിക്കു വേണ്ടി നൂറിലധികം പാട്ടുകള്‍ ഒരുക്കിയ ചാലക്കുടി ബിജു ഉള്‍പ്പെടയുളള കൂട്ടുകാര്‍ ഇപ്പോളും മണിയുടെ ഓര്‍മ്മയില്‍ ഒത്തുകൂടാറുണ്ട്.

ഈ സ്നേഹക്കാഴ്ചകൾക്കിടയിലും മണിയെ അംഗീകരിക്കാത്തവരും ഉണ്ടായിരുന്നു. കലാഭവന്‍ മണിയെന്ന നടന് അര്‍ഹിച്ച അംഗീകാരം ലഭിച്ചോ എന്നൊരു സംശയമിപ്പോഴും ബാക്കിയാണ്. മണിയെന്ന നടനെ അംഗീകരിയ്ക്കാന്‍ പലപ്പോഴും പലരും തയാറായില്ല. കാരണം മനസില്‍ ഇപ്പോഴും ജാതിവ്യവവസ്ഥ സൂക്ഷിയ്ക്കുന്നവര്‍ക്ക് മണിയെ നടനായി കാണാന്‍ ആകുമായിരുന്നില്ല. സിനിമയ്ക്കുള്ളില്‍ പോലും നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയ്ക്ക് മണി ഇരയായിരുന്നോ എന്നൊരു സംശയവും ആരാധകർക്ക് ഇന്നുമുണ്ട്. മികച്ച വേഷങ്ങൾ ചെയ്തിട്ടും തഴയപ്പെട്ടുപോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ സ്വയം അര്‍പ്പിച്ച് മണി അഭിനയിച്ചപ്പോഴും ആ അഭിനയം കാണാന്‍ അവാര്‍ഡ് കമ്മിറ്റികള്‍ക്ക് കഴിഞ്ഞില്ല. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തില്‍ മാത്രം ഒതുങ്ങിപ്പോയി അന്ന് മണിയ്ക്കുള്ള അംഗീകാരം.

കലാഭവൻ മണിയോടൊപ്പം അഭിനയിക്കാൻ ഒരു നടി വിമുഖതകാട്ടിയതായി ഒരു സംവിധായകൻ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് നിറം കറുത്തുപോയതിൽ ഞാൻ അഭിമാനിക്കുന്നു. മണ്ടേല കറുത്തിട്ടല്ലേ എന്നായിരുന്നു മണിയുടെ മറുചോദ്യം.
ഞാൻ മണലുവാരാൻ പോയിട്ടുണ്ട്, വഞ്ചികുത്താൻ പോയിട്ടുണ്ട്, തുണി വിൽക്കാൻ പോയിട്ടുണ്ട്, ഓട്ടോ ഓടിക്കാൻ പോയിട്ടുണ്ട് എന്നെല്ലാം മണി താൻ ചെയ്ത തൊഴിലുകളെക്കുറിച്ച് അഭിമാനത്തോടെ പറ‍ഞ്ഞു.

അതേസമയം മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുടുംബം ഇപ്പോഴുമുള്ളത്. കലാഭവൻ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍ രോഗമാണ് മരണകാരണമെന്നുമായിരുന്നു കേസന്വേഷിച്ച സിബിഐയുടെ കണ്ടെത്തല്‍. വയറ്റില്‍ കണ്ടെത്തിയ വിഷാശം മദ്യത്തില്‍ നിന്നുളളതാണെന്നും
സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് ഒരിക്കലും വിശ്വസിക്കാനാകില്ലെന്നു തന്നെയാണ് കുടുംബത്തിന്‍റെ നിലപാട്. മാത്രമല്ല നടൻ്റെ പ്രിയ വിശ്രമകേന്ദ്രമായിരുന്ന പാഡി നാശത്തിന്‍റെ വക്കിലാണ്. മണിയുണ്ടായിരുന്നപ്പോൾ ഓരോ ദിവസവും പാഡിയിൽ ആഘോഷമായിരുന്നു. മണിയെ അത്യാസന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പാഡിയിൽ നിന്നായിരുന്നു. ദുരൂഹതകളേറെ ബാക്കിയാക്കിയാണ് മണി യാത്രയായത്. നഗരത്തോട് ചേര്‍ന്ന് ചാലക്കുടി പുഴയ്ക്കടുത്ത് ഒന്നരയേക്കര്‍ ജാതിത്തോട്ടത്തിൽ ആളും ആരവവും ഒഴിഞ്ഞെങ്കിലും ആ ഓർമകളിലേക്ക് സന്ദർശകരെത്താറുണ്ട്… പാഡി സംരക്ഷിക്കണമെന്ന ചാലക്കുടിക്കാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ലെങ്കിലും…

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...