സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റേയും സന്ദേശവുമായി പണികഴിപ്പിച്ച അബൂദബിയിലെ അബ്രഹാമിക് ഫാമിലി ഹൗസിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. ഒരേ സമുച്ചയത്തിനുള്ളിൽ പണികഴിപ്പിച്ച മുസ്ളീം മസ്ജിദും ക്രിസ്ത്യൻ പള്ളിയും ഇസ്രായേൽ വിശ്വാസമനുസരിച്ചുളള സിനഗോഗും ചേർന്നുളള അബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശിക്കാൻ ആദ്യം ദിനം തന്നെ നിരവധിപ്പേരാണ് എത്തിയത്.
സാദിയാത്ത് ദ്വീപിലെ സർവമത സമുച്ചയത്തിലേക്ക് എല്ലാ വിഭാഗം വിശ്വാസികൾക്കും പ്രവേശനം അനുവദിക്കും. സന്ദർശകർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. തിങ്കൾ മുതൽ ഞായർ വരെ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശനം സമയം. 13 വയസ്സിൽ താഴെയുള്ളവരോടൊപ്പം മുതിർന്നവർ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. സാധാരണ പ്രാർത്ഥനക്കും ആരാധനക്കുമായി എത്തുന്നവർ പ്രത്യേകം ബുക്ക് ചെയ്യേണ്ടതില്ലെങ്കിലും പ്രത്യേക കവാടങ്ങളിലൂടെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക.
യുഎഇയുടെ ഏറ്റവും പുതിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിലും അബ്രഹാമിക് ഹൌസിൻ്റെ പ്രശസ്തി ഉയരുകയാണ്.അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ ത്വയിബ്, കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ, പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദ തത്വചിന്തകനായ മോസസ് ബെൻ മൈമ്മൺ എന്നിവരുടെ പേരുകളാണ് ആരാധനാലയങ്ങൾക്ക് നൽകിയിട്ടുള്ളത്.
അബ്രഹാമിക് ഹൌസിൻ്റെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നതിന് വസ്ത്രധാരണത്തിലും ശ്രദ്ധവേണം. സ്ത്രീകൾ തുണിയുപയോഗിച്ച് തല മറയ്ക്കണം. സ്വന്തമായി സ്കാർഫ് ഇല്ലാത്തവർക്ക് കോമ്പൗണ്ടിൽ നിന്ന് തന്നെ സ്കാർഫ് നൽകും.പുരുഷന്മാർ കാൽമുട്ടുകളും ചുമലുകളും മറയുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നാണ് നിർദ്ദേശം
ഓരോ വ്യക്തികളുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് മറ്റ് മതവിഭാഗങ്ങളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാനുള്ള അവസരമാണ് അബ്രഹാമിക് ഫാമിലി ഹൗസിലൂടെ ലഭ്യമാകുന്നത്.