യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ഹത്ത സൂഖ് സന്ദർശിച്ചു. മേഖലയിലെ ആദ്യഘട്ട പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുകയും 2023-ലെ 22 പദ്ധതികൾക്കും സംരംഭങ്ങൾക്കും അംഗീകാരം നൽകുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ദുബായ് ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് പൂർത്തിയാക്കിയ 14 പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ആധുനികവും പരമ്പരാഗതവുമായ ശൈലികളും രീതികളും സമന്വയിപ്പിച്ചാണ് ഹത്ത സൂഖ് തുറന്നത്. നിലവിൽ ഏഴ് കടകൾ, ആറ് ഇൻഡോർ, ഏഴ് ഔട്ട്‌ഡോർ കിയോസ്‌കുകൾ, 42 സെയിൽസ് പ്ലാറ്റ്‌ഫോമുകൾ, ഒരു വലിയ സ്റ്റോർ, എട്ട് ഫുഡ് കാർട്ടുകൾ, കുട്ടികളുടെ കളിസ്ഥലം, ഔട്ട്‌ഡോർ ഇരിപ്പിടങ്ങളും ഹരിത ഇടങ്ങളും, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പ്രാർത്ഥനാ മുറികൾ, പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് വിപണന കേന്ദ്രം.
കരകൗശല ഉൽപന്നങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, വാണിജ്യ പദ്ധതികൾ എന്നിവ പ്രദർശിപ്പിക്കാനും സൂഖ് അവസരമൊരുക്കുന്നുണ്ട്. 11.5 കിലോമീറ്റർ സൈക്കിൾ, മൗണ്ടൻ ബൈക്ക് പാത, പാർക്കിംഗ് ഏരിയകൾ, ടാക്സി, ബസ് സർവീസുകൾ എന്നിവയും ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ പദ്ധതികളിൽ ഉൾപ്പെടുന്നതാണ്.
സംരംഭകത്വത്തിനും യുവജന പദ്ധതികൾക്കും പിന്തുണ നൽകുന്നതിനായിനായാണ് ദുബായ് ഭരണാധികാരികളുടെ നീക്കം. ചെറുകിട, ഇടത്തരം ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിനും ഹത്തയിലെ യുവാക്കളെ അവരുടെ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഹത്തയിലെ സൂഖ് മുൻഗണന നൽകും.
അതേസമയം രണ്ടാം ഘട്ട പദ്ധതിയിൽ ഹത്ത ബീച്ചിനെ എല്ലാ സീസണിലേയും വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കൽ, ഹത്ത സുസ്ഥിര വെള്ളച്ചാട്ടം പദ്ധതി, 5.4 കിലോമീറ്റർ ദൈർഘ്യമുള്ള കേബിൾ കാറിൻ്റെ നിർമ്മാണം, ഡാം ഏരിയയിൽ നിന്ന് വിനോദസഞ്ചാരികളെ ജബൽ ഉമ്മുൽ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്ന പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നുസൂർ, ഹട്ട ഡാമിലേക്ക് പ്രവേശനം നൽകുന്ന മൗണ്ടൻ ട്രാം പദ്ധതിയുമുണ്ടാകും
വിനോദത്തിനും സ്പോർട്സിനും പ്രാധാന്യം നൽകുന്നതാണ് രണ്ടാം ഘട്ട പദ്ധതികൾ. ഹോട്ടലുകൾ, ആരോഗ്യ റിസോർട്ടുകൾ എന്നിവയും നിർമിക്കും.ലോകോത്തര ടൂറിസം കേന്ദ്രമെന്ന നിലയിൽ താമസക്കാർക്കും സന്ദർശകർക്കും എത്തിച്ചേരാവുന്ന വലിയ ലക്ഷ്യസ്ഥാനമാക്കി ഹത്തയെ മാറ്റാനാണ് പദ്ധതി