പ്രതിരോധ സഹകരണത്തിൽ പുതിയ ചരിത്രം കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമ സേനയുടെ എട്ട് യുദ്ധ വിമാനങ്ങൾ സൗദി അറേബ്യയിലെത്തി. 145 വ്യോമ സൈനികർ, 5 മിറാഷ് വിമാനങ്ങൾ, 2 സി 17 വിമാനങ്ങൾ, 1 ഐ.എൽ 78 ടാങ്കർ എന്നിവയാണ് റോയൽ സൗദി എയർ ഫോഴ്സ് റിയാദ് ബേസിലെത്തി ഒരു ദിവസം അവിടെ തങ്ങിയത്.
ഇന്ത്യൻ സൈനിക വ്യൂഹത്തിന് റോയൽ സൗദി എയർഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രെവാളും മറ്റ് എംബസി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരണം നൽകി. ഒരു ദിവസം പൂർണമായും സൗദിയിൽ ചെലവഴിച്ച സംഘം അടുത്ത ദിവസം കോബ്ര വാരിയേഴ്സ് 23 സൈനിക അഭ്യാസത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിലേക്ക് പുറപ്പെട്ടു.
സ്വീകരണ യോഗത്തിൽ വ്യോമ സൈനികരെ അഭിസംബോധന ചെയ്ത അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വളർന്നുവരുന്ന സഹകരണത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച നയതന്ത്ര ബന്ധമാണുള്ളതെന്നും സൈനിക നയതന്ത്ര രംഗത്തെ ഉറച്ച ബന്ധത്തിന് സൈനികർ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യോമ സേന കമാൻഡറും റോയൽ സൗദി എയർ ഫോഴ്സ് ബേസ് കമാൻഡറും അംബാസഡറും തമ്മിൽ ഔദ്യോഗിക ചർച്ചകൾ നടത്തിയ ശേഷം പരസ്പരം ഫലകങ്ങൾ സമ്മാനിച്ചു.
ഇന്ത്യൻ സൈന്യകർക്ക് നൽകിയ പിന്തുണയ്ക്ക് അംബാസഡർ ബേസ് കമാൻഡറോട് നന്ദി പറഞ്ഞു. കോബ്ര വാരിയർ 23 സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന എല്ലാ സൈനികർക്കും സൗദി ബേസ് കമാൻഡർ ആശംസ അറിയിച്ചു. ഇന്നലെ വൈകീട്ട് ഇന്ത്യൻ എംബസി ഒരുക്കിയ സ്വീകരണ പരിപാടിയിൽ സൈനികരുമായി അംബാസഡർ അനൗപചാരിക ആശയവിനിമയം നടത്തി.
സൈനികരിലെ നിരവധി പേർ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ദുരന്തത്തിൽ ഇന്ത്യ നടത്തിയ ‘ഓപറേഷൻ ദോസ്ത്’ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരാണ്. ആ അനുഭവങ്ങൾ അവർ അംബാസഡറുമായി പങ്കുവെച്ചു. അടുത്തിടെ ബംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ സൗദിയിൽ നിന്ന് ഒരു വലിയ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു.