യു എ ഇ പ്രസിഡന്റിന് ആദരാഞ്ജലി അർപ്പിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാജ്യത്തിനും മുഴുവൻ അറബ് മേഖലയ്ക്കും നേട്ടങ്ങളുടെ ഒരു പൈതൃകം ശൈഖ് ഖലീഫ അവശേഷിപ്പിച്ചെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
സഹോദരനും സഹയാത്രികനും പ്രസിഡന്റുമായ ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ ദുഃഖിക്കുന്നെന്നും സഹനത്തിനുളള ക്ഷമ എല്ലാവർക്കും ഉണ്ടാകട്ടെയെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ കുറിച്ചു.
യുഎഇ സ്ഥാപിതമാകുമുമ്പേ സഹോദരനുമായി ഒരുമിച്ച് പ്രവർത്തിക്കാനായി. സ്ഥാപക പിതാക്കൻമാരുടെ ദർശനങ്ങളും പൈതൃകവുമാണ് പിൻതുടർന്നത്.
ശൈഖ് ഖലീഫ ചുമതലയേറ്റതു മുതൽ യുഎഇയുടെ ശാക്തീകരണ വികസന പ്രകിയയെ തോൾ ചേർന്ന് പിന്തുണച്ചെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുസ്മരിച്ചു.
ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തിന് നൽകിയത് പരിധിയില്ലാത്ത സംഭാവനകളാണെന്നും പൗരന്മാരുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യു എ ഇയെ സൈനിക ശക്തിയാക്കുന്നതിലും നിർണായ പങ്ക് വഹിച്ച വ്യക്തിതമാണ് ശൈഖ് ഖലീഫ .
ഉദാരമനസ്കനും ദയവായ്പുളളവനും ജ്ഞാനിയും ബഹുമാന്യനും വിശ്വസ്തനുമായിരുന്നു ശൈഖ് ഖലീഫയെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അനുസ്മരിച്ചു.