യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അറബ് രാജ്യങ്ങളിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം.
സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഈജിപ്ത്, ലെബനൻ എന്നീ രാജ്യങ്ങൾ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഈ രാജ്യങ്ങൾ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. അതേസമയം യുഎഇ സർക്കാർ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ മരണത്തിൽ യുഎഇ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും സഹോദരങ്ങൾക്കും ആത്മാർത്ഥമായ അനുശോചനമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മെയ് 15 ഞായറാഴ്ച വരെ പൊതു-സ്വകാര്യ മേഖലകളിലെ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് ഓഫ് ഒമാൻ അറിയിച്ചു. യുഎഇ നേതൃത്വത്തോടും ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും രംഗത്തെത്തി.
എല്ലാ ഭരണസംവിധാനങ്ങളും ഔദ്യോഗിക സ്ഥാപനങ്ങളും മുനിസിപ്പാലിറ്റികളും ഞായറാഴ്ച വരെ അടച്ചിടുമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയും അറിയിച്ചു.
മിക്ക ലോക രാജ്യങ്ങളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് ഖലീഫ സുഹൃത്തും സഹകാരിയും മായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.