മയക്കുമരുന്ന് ലഹരിയിൽ ഗൾഫ് പൌരൻ ദുബായിലെ വാട്ടർകനാലിൽ ചാടിയ സംഭവത്തിൽ വൻ തുക പിഴ വിധിച്ച് ദുബൈ മിസ്ഡീമിനിയർ ആൻഡ് വയലേഷൻസ് കോടതി.5,000 ദിർഹമാണ് പിഴ വിധിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മാനസിക രോഗത്തിന് ചിക്തിത്സയിലിരിക്കേ ഉപയോഗിച്ച മരുന്നാണെന്നുമുളള യുവാവിൻ്റെ വാദം തെളിയിക്കാനായില്ല.
ഫെഡറൽ നിയമത്തിലെ ഡ്രഗ് ഷെഡ്യൂൾ നമ്പർ 5, 8 എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന മയക്കുമരുന്ന് പദാർത്ഥങ്ങൾ യുവാവ് ഉപയോഗിച്ചെന്നായിരുന്നു കേസ്.ദുബായ് വാട്ടർ കനാലിൽ ചാടിയ 34 കാരനായ ഗൾഫ് പൗരനെ മറൈൻ പട്രോളിംഗ് സംഘമാണ് രക്ഷപ്പെടുത്തിയത്.
അതേസമയം യുവാവിൻ്റെ സാമ്പത്തിക ഇടപാടുകളും കോടതി നിയന്ത്രണവിധേയമാക്കി.യുഎഇ സെൻട്രൽ ബാങ്ക് നൽകിയ പെർമിറ്റ് അനുസരിച്ചല്ലാതെ രണ്ട് വർഷത്തേക്ക് മൂന്നാം കക്ഷിക്ക് അല്ലെങ്കിൽ മറ്റുള്ളവർ മുഖേന പണം ട്രാൻസ്ഫർ ചെയ്യുന്നതിനോ നിക്ഷേപിക്കുന്നതിനോ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.