യുഎഇയില്‍ വിസ നടപടികൾക്ക് മുന്നോടിയായി ലഭിക്കുന്ന പ്രാഥമിക തൊഴിൽ പെർമിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയായി കണക്കാക്കരുതെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീസ നടപടികൾക്കുള്ള അനുമതി മാത്രമാണു തൊഴിൽ പെർമിറ്റെന്നും താമസ കുടിയേറ്റ വകുപ്പിൽ നിന്നു വീസ ലഭിച്ച ശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കാവൂവെന്നും നിര്‍ദ്ദേശം.
വീസ ലഭിച്ച ശേഷം വൈദ്യ പരിശോധനയും പൂർത്തിയാക്കണം. തൊഴിൽ കരാറും നിര്ഡബന്ധമാണ്. ലേബർ കാർഡ് ലഭിക്കുന്നതോടെ മാത്രമേ നിയമനം നിയമാനുസൃതമാകൂ എന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ പെർമിറ്റിന്‍റെ ബലത്തിൽ നിയമനം നടത്തുന്നത് കുറ്റകരമാണ്. കമ്പനിയുടെ വീസ ക്വോട്ടയ്ക്ക് അനുസരിച്ചായിരിക്കും പെർമിറ്റ് ലഭിക്കുക.
നിയമനത്തിനു മുൻപ് തൊഴിൽ സംബന്ധമായ വിവരങ്ങളും അവകാശങ്ങളും അടങ്ങിയ ഓഫർ ലെറ്റർ വിദേശത്തുള്ള തൊഴിലാളിക്കു നേരിട്ടോ റിക്രൂട്ടിങ് ഏജൻസികൾ വഴിയോ അയച്ചു കൊടുക്കണമെന്നും മന്ത്രാലയും നിര്‍ദ്ദേശിച്ചു. അറബി – ഇംഗ്ലിഷ് ഭാഷകൾക്കു പുറമേ തൊഴിലാളിക്കു മനസ്സിലാകുന്ന പ്രാദേശിക ഭാഷയിലും ഓഫർ ലെറ്റർ തയാറാക്കണം. നിയമനം രാജ്യത്തിന് അകത്തു നിന്നാണെങ്കിലും ഓഫർ ലെറ്റർ നൽകണം.
വർക്ക് പെർമിറ്റിനായി കമ്പനികൾക്ക് ഇ-സിഗ്നേച്ചർ നിർബന്ധമാണെന്നും മന്ത്രാലയം പറഞ്ഞു. താത്കാലിക വർക്ക് പെർമിറ്റുകൾക്കു അറുപത് ദിവസത്തെ കാലാവധിയാണുളളത്. ഇതിനകം ബാങ്കിൽ സുരക്ഷാ തുകയടച്ച് ഇമിഗ്രേഷനിൽ നിന്നു വീസയെടുത്തു നിയമന നടപടികൾ പൂർത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്‍റെ നിര്ദ്ദേശം.