‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നതിനാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം രാജ്യത്ത് ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രവാസികളുടെയും, സന്ദർശകരുടെയും എൻട്രി സ്റ്റാറ്റസ് പരിശോധന, എൻട്രി വിസകൾക്ക് പ്രവേശനാനുമതി ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ആപ്പിലൂടെ ത്വരിതപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. പ്രവാസികൾക്കും, സന്ദർശകർക്കും കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുൻപ് ആപ്പ് വഴി പരിശോധന നടത്താനാകും. ഇതിലൂടെ എൻട്രി വിസകളുമായി ബന്ധപ്പെട്ടുള്ള തിരിമറികൾ ഒഴിവാക്കാനാകുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
കുറ്റവാളികളുടേയും, പിടികിട്ടാപ്പുള്ളികളുടേയും പ്രവേശനം തടയുന്നതിനും ആപ്പ് വഴിയൊരുക്കും. യാത്രക്കാരുടെ ആരോഗ്യസ്ഥിരിയും പകർച്ചവ്യാധികൾ സംബന്ധിച്ചുളള വിവരങ്ങളും ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ വിമാനകമ്പനികൾ, വിദേശ രാജ്യങ്ങളിലെ കുവൈറ്റ് എംബസികൾ എന്നിവരുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം സംവിധാനം നടപ്പിലാക്കിയത്.