ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ മലീഹ പ്രദേശത്ത് ആരംഭിച്ച ഗോതമ്പ് പാടത്ത് ആദ്യ വിളവെടുപ്പിനുളള ഒരുക്കങ്ങൾ. ആദ്യ വിളവെടുപ്പ് ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് ഷാർജ ഫാമിലെ കർഷകരും എഞ്ചിനീയർമാരും.
മാർച്ച് 15 നും 20 നും ഇടയില്‍ വിളവെടുക്കാനാകുമെന്നാണ് നിഗമനമെന്ന് ഷാര്‍ജ കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. ഖലീഫ മുസാബെ അഹമ്മദ് അൽതെനെജി പറഞ്ഞു. യന്ത്ര സഹായത്തോടയാണ് വിളവെടുപ്പ് നടത്തുക. 500 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള 400 ഹെക്ടർ സ്ഥലത്താണ് ഗോതമ്പ് പാടം ഒരുക്കിയത്.
വിളവെടുത്ത ശേഷം ഷാർജയിലെയും യുഎഇയിലെയും പ്രാദേശിക വിപണിയിലേക്കാണ് ഗോതമ്പ് എത്തിക്കുക. ഗോതമ്പ് ഭക്ഷ്യയോഗ്യമാക്കുന്നതിന് സംസ്കരണത്തിനായി മില്ലുകളിലേക്ക് അയയ്ക്കും. കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെയാണ് കൃഷി ചെയ്തിരിക്കുന്നത്. മേയ് അല്ലെങ്കിൽ ജൂണിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കാനാണ് തീരുമാനം.
കഴിഞ്ഞ നവംബറിലാണ് ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഫാമിന്റെ ആദ്യഘട്ടം തുറന്നുകൊടുത്തത്. ഭരണാധികാരി നേരിട്ടെത്തി വിത്ത് വിതയ്ക്കുകയായിരുന്നു. വിപുലമായ ജലസേചന പദ്ധതികളും തയ്യാറാക്കിയിരുന്നു. നാല് മാസത്തിനുള്ളിൽ മരുഭൂമി മരുപച്ചയായി മാറിയത് കാണാന്‍ സുല്‍ത്താന്‍ നേരിട്ടെത്തിയിരുന്നു. ഘട്ടംഘട്ടമായി കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.