71-ാമത് ലോകസുന്ദരി മത്സരത്തിന് യുഎഇ ആതിഥേയത്വം വഹിക്കുമെന്ന് സംഘാടകരായ മിസ് വേൾഡ് ലിമിറ്റഡ്. ചെയർമാൻ ജൂലിയ എവ്ലിൻ മോർലയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു പ്രഖ്യാപനം. 2023 മെയിലാണ് ലോകസുന്ദരിപട്ടം തേടിയുളള മത്സരം നടക്കുക.
അതേസമയം അന്തിമ തീയതി സംബന്ധിച്ച് സംഘടന ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എൺപത്തിയൊന്ന് രാജ്യങ്ങളുടെ പ്രതിനിധികൾ 71-ാമത് ലോകസുന്ദരി പട്ടത്തിനായുളള മത്സരത്തില്‍ പങ്കാളികളാവുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അവിവാഹിതരും കുട്ടികളില്ലാതുമായ 17 നും 27 നും ഇടയിൽ പ്രായമുള്ള വനിതകളാണ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നത്.
1951 മുതൽ വർഷം തോറും നടക്കുന്ന ഒരു അന്താരാഷ്ട്ര മത്സരമാണ് ലോക സുന്ദരിപ്പട്ടം. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്താൻ ശ്രമിക്കുന്ന മത്സരത്തില്ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളാണ് പങ്കെടുക്കുന്നത്.
മത്സരാർത്ഥികളെ അവരുടെ കഴിവുകൾ, ബുദ്ധി, സമകാലിക സംഭവങ്ങളെയും സാമൂഹിക വിഷയങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും മറ്റും അടിസ്ഥാനമാക്കിയാണ് മത്സര വിജയിയെ കണ്ടെത്തുന്നത്. പതിവനുസരിച്ച് നിലവിലെ ലോകസുന്ദരിയായിരിക്കും പുതിയ ലോകസുന്ദരിയെ കിരീടമണിയിക്കുകയെന്നും സംഘാടകര്‍ സൂചിപ്പിച്ചു.
പോളിഷ് വനിതയായ കരോലിന ബിലാവ്സ്കയാണ് നിലവിലെ ലോകസുന്ദരി. 1989 ന് ശേഷം ലോകസുന്ദരിപ്പട്ടം നേടുന്ന രണ്ടാമത്തെ പോളിഷ് വനിതയാണ് കരോലിന. 2022ൽ പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിലാണ് കരോലിന ബിലാവ്സ്ക ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. ലോക ശ്രദ്ധേയമായ മത്സരത്തിന് നിരവധി ആരാധകരാണുളളത്.