രാജ്യത്ത് 2023 വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന് നാളെ ആരംഭിക്കുമെന്ന് ഖത്തര്‍ എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) മന്ത്രാലയം. ഹജ്ജിന് താത്പര്യമുളളവര്‍ hajj.gov.qa എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രജിസ്ട്രേഷൻ നടത്താം. മാർച്ച് 12 ന് രജിസ്ട്രേഷൻ അവസാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷാ കാലവധിക്ക് ശേഷം പത്തുദിവസത്തിനകം അനുമതി ഫലം പ്രഖ്യാപിക്കും.
രജിസ്ട്രേഷൻ തീയതി മുതൽ തീർത്ഥാടകർക്ക് ആശയവിനിമയത്തിനായി ഹോട്ട്ലൈൻ നമ്പറായ 132 സജീവമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. അന്വേഷണങ്ങൾക്കും പരാതികൾ പരിഹരിക്കുന്നതിനും അപേക്ഷകർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. ഖത്തറിൽനിന്ന് വിമാനമാർഗമോ റോഡ് മാർഗമോ മക്കയിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിന് തുടക്കത്തിൽ 18 ഹജ്ജ് ടൂർ ഓപറേറ്റർമാർക്ക് അധികാരം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു..
ഖത്തറിൽ പത്ത് വര്‍ഷം താമസം പൂര്‍ത്തിയാക്കിയ പ്രവാസികൾക്കും സ്വദേശി പൗരന്മാര്ക്കും അപേക്ഷിക്കാനാകും. എന്നാല്‍ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ പ്രായം 40 വയസ്സിൽ കുറയരുതെന്ന നിബന്ധനയുമുണ്ട്. ഖത്തർ പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന ജി സി സി നിവാസികൾക്കും ഹജ്ജിന് പോവാനുള്ള കുറഞ്ഞ പ്രായം 18 ആണ്.
അപേക്ഷകര്‍ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇത് സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പ്രതിരോധ മരുന്നായിരിക്കണം. െഎഡി കാര്‍ഡിനൊപ്പം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും അപേക്ഷകര്‍ ഹാജരാക്കണം. എന്നാല്‍ ഔദ്യോഗിക ക്വോട്ടക്ക് വിധേയാണ് അനുമതി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.