അസം സര്‍ക്കാറിന് അഭിനന്ദനം ചൊരിഞ്ഞ് ഹോളിവുഡ് താരവും ഓസ്കാര്‍ ജേതാവുമായ ലിയനാർഡോ ഡികാപ്രിയോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കാണ്ടാമൃഗത്തിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളെ അഭിനന്ദിച്ചാണ് പ്രശസ്ത പരിസ്ഥിതി സ്നേഹി കൂടിയായ ഡികാപ്രിയോയുടെ പോസ്റ്റ്.
കാസിരംഗ ദേശീയോദ്യാനത്തില്‍ 2022 ല്‍ ഒരു കാണ്ടാമൃഗത്തെ പോലും വേട്ടയാടാൻ അനുവദിക്കാതെ തടഞ്ഞ അസം സര്‍ക്കാറിന്റെ ജാഗ്രതയെ അഭിനന്ദിക്കുന്നതായി ലിയനാർഡോ ഡികാപ്രിയോ കുറിച്ചിരിക്കുന്നു. കാസിരംഗ ദേശീയോദ്യാനത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ 2021 ൽ അസം സർക്കാർ എടുത്ത തീരുമാനം വിജയകരമായി നടപ്പിലാക്കിയതായും ഡികാപ്രിയോ പോസ്റ്റില്‍ പറയുന്നു.
2000 മുതൽ 2021 വരെയുള്ള സമയത്ത് 190 ഒറ്റ കൊമ്പന് കാണ്ടാമൃഗങ്ങൾ വേട്ടക്കാരുടെ ഇരയായിട്ടുണ്ട്. ഇത് തടയാൻ 2200 ഓളം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുള്ള കാസരംഗയില്‍ അസം സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുക്കുകയാായിരുന്നു. ലോകത്ത് ആകെയുള്ള കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടും അസമിലാണ്.
അപൂർവ കാണ്ടാമൃഗങ്ങളുടെ എണ്ണം 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുണ്ടായിരുന്ന 200ൽനിന്ന് 3,700 ആയി ഉയർന്നതായി ‘വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറി’ന്റെ റിപ്പോര്‍ട്ട് കാര്യം ഉദ്ധരിച്ചാണ് ഇന്ത്യയുടെ ഈ രംഗത്തെ വിജയം ഹോളിവുഡ് താരം അഭിനന്ദിക്കുന്നത്.
അതേസമയം വേട്ടയാടൽ നിയന്ത്രിക്കാൻ അസം സർക്കാർ 2021 ജൂലൈയിൽ ഒരു പ്രത്യേക വേട്ട വിരുദ്ധ കര്‍മ്മ സേനയ്ക്ക് രൂപം നൽകിയിരുന്നു. 21 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേട്ടയാണ് കാണ്ടാമൃഗങ്ങള്‍ക്കെതിരെ അസമില്‍ ഉണ്ടായതെന്നാണ് വിവരം. കൂടാതെ ഒരു കേസ് മാത്രമാണ് വേട്ടയാടലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്.
കാണ്ടാമൃഗത്തെ കൊല്ലാൻ ചില വിഭാഗങ്ങള്‍ അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്നതായി 2021 ൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി അസം സർക്കാർ കാണ്ടാമൃഗങ്ങളെ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും 2,500 കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ 2022 സെപ്റ്റംബറിൽ കത്തിക്കുകയും ചെയ്തിരുന്നു.